ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിലാകാൻ ഇനിയും ദിവസങ്ങളെടുത്തേക്കും

ഗസ്സയിൽനിന്ന് ചികിത്സക്കായി 49 പേർ കൂടി യുഎഇയിലെത്തി

Update: 2024-02-02 18:23 GMT
Advertising

ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിലാകാൻ ഇനിയും ദിവസങ്ങളെടുത്തേക്കും. ആക്രമണം പൂർണമായി അവസാനിപ്പിക്കാതെ മുഴുവൻ ബന്ദികളെയും വിട്ടുനൽകില്ലെന്നാണ് ഹമാസ് നിലപാട്. ആക്രമണം അവസാനിപ്പിക്കുകയും ഇസ്രായേൽ സൈന്യം ഗസ്സ വിടുകയും ചെയ്യണമെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. ഉപരോധം പിൻവലിച്ചു ഗസ്സയിൽ സഹായം ഉറപ്പാക്കണമെന്നും ഹനിയ്യ പറഞ്ഞു. ഇസ്രായേൽ പിൻമാറ്റമില്ലാത്തെ സമാധാനം കൈവരിക്കില്ലെന്ന് ഇസ്‌ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ നഖാലയും വ്യക്തമാക്കി.

വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 112 പേർകൂടി കൊല്ലപ്പെട്ടു. 17,000ത്തിലധികം കുരുന്നുകൾ അനാഥരായതായി യുനിസഫ് കണക്കുകളും പറയുന്നു.


Full View


ഗസ്സയിൽനിന്ന് ചികിത്സക്കായി 49 പേർ കൂടി യുഎഇയിലെത്തി

അബൂദബി: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരും അർബുദബാധിതരും ഉൾപ്പെടെ 49 പേർ അടങ്ങുന്ന ഒരു സംഘം കൂടി ചികിത്സക്കായി യു.എ.ഇയിലെത്തി. അൽ ആരിഷ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ചയാണ് അബൂദബിയിലെത്തിയത്. കുട്ടികളും അർബുദ രോഗികളും അവരുടെ ബന്ധുക്കളുമാണ് സംഘത്തിലുള്ളത്.

ഗസ്സയിൽ പരിക്കേറ്റ 1000 പേർക്കും 1000 അർബുദ ബാധിതർക്കും യു.എ.ഇയിൽ ചികിത്സ ലഭ്യമാക്കണമെന്ന് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നിർദേശിച്ചിരുന്നു. ഇതു പ്രകാരം ഒമ്പതാമത്തെ സംഘമാണ് ഗസ്സ മുനമ്പിലെ യു.എ.ഇ ഫീൽഡ് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി അബൂദബിയിലെത്തിയത്. പ്രത്യേക മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ഇവരെ ഗസ്സയിലെ ആശുപത്രിയിൽ മാറ്റിയിരുന്നു.

ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രസിഡൻറ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ച ഗാലൻറ് നൈറ്റ് മൂന്ന് സംരംഭത്തിലൂടെ ഇതുവരെ 15,000 ടൺ സഹായം യു.എ.ഇ നൽകിക്കഴിഞ്ഞു. പ്രതിദിനം 1.2 ദശിക്ഷം ശേഷിയുള്ള ഉപ്പുവെള്ള ശുദ്ധീകരണ ശാലയും ഗസ്സയിൽ യു.എ.ഇ നിർമിച്ചു നൽകിയിരുന്നു. ഇതിലൂടെ ആറു ലക്ഷം പേർക്കാണ് കുടിവെള്ളം ലഭ്യമായത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News