ഈ ഗ്രാമം വിളിക്കുന്നു.. താമസിക്കാന്‍ വരൂ, 24 ലക്ഷം രൂപ നല്‍കാം

ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തെ സജീവമാക്കുകയാണ് ലക്ഷ്യം

Update: 2021-07-14 06:57 GMT
Advertising

സാധാരണ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുമ്പോള്‍ നല്ല ചെലവാണ്. താമസസ്ഥലം കണ്ടുപിടിക്കണം, വീട്ടുപകരണങ്ങള്‍ സംഘടിപ്പിക്കണം.. എന്നാൽ ഈ ഇറ്റാലിയൻ ഗ്രാമത്തില്‍ അതല്ല അവസ്ഥ. ഇവിടേക്ക് താമസം മാറ്റിയാൽ 24 ലക്ഷം രൂപ ഇങ്ങോട്ട് കിട്ടും. ഒരു നിബന്ധനയുണ്ടെന്ന് മാത്രം. അവിടെ താമസിക്കുന്നതിനൊപ്പം ചെറിയൊരു ബിസിനസും തുടങ്ങണം. 

ഇറ്റലിയുടെ തെക്കുഭാഗത്തുള്ള കലാബ്രിയ പ്രദേശങ്ങളിയിലേക്ക് താമസം മാറ്റി ബിസിനസ് തുടങ്ങാൻ തയ്യാറുള്ളവര്‍ക്കാണ് ഈ ഓഫര്‍. മൂന്ന് വർഷത്തേക്ക് 28000 യൂറോ (24,73,744 രൂപ) ആണ് നൽകുക. 40 വയസ്സില്‍ താഴെയുള്ളവരെയാണ് ഈ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇവിടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. 2000 പേര്‍ മാത്രമാണ് ഈ ഇറ്റാലിയൻ ഗ്രാമത്തിൽ ഉള്ളത്. സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നു. ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തെ സജീവമാക്കുകയാണ് ലക്ഷ്യമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


സാമ്പത്തിക ലാഭം മാത്രമല്ല ഉള്ളത്. കടലും പര്‍വതങ്ങളുമെല്ലാം ചേര്‍ന്ന മനോഹരമായ പ്രദേശമാണിത്. താമസത്തിനായുള്ള അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചാല്‍ 90 ദിവസത്തിനകം ഇവിടേക്ക് താമസം മാറ്റണം.

'ആക്റ്റീവ് റെസിഡൻസി ഇൻകം' എന്ന പുതിയ പദ്ധതിക്ക് കീഴിലാണ് മൂന്ന് വര്‍ഷത്തേക്ക് ഗ്രാന്‍റ് നൽകുന്നത്. ബാര്‍, റെസ്റ്റോറന്‍റ്, ഫാം.. ഇങ്ങനെ എന്താണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന കൃത്യമായ പദ്ധതി തയ്യാറാക്കണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഗ്രാമത്തെ സജീവമാക്കുക എന്നതാണ് ലക്ഷ്യം.


"ഇത് സാമൂഹിക ഉൾപ്പെടുത്തലിന്‍റേതായ ഒരു പരീക്ഷണമാണ്. ഈ പ്രദേശത്തേക്ക് ആളുകളെ ആകർഷിക്കുക, ഇനിയും ഉപയോഗ യോഗ്യമാക്കിയിട്ടില്ലാത്ത പ്രദേശങ്ങള്‍, കോൺഫറൻസ് ഹാളുകൾ, അതിവേഗ ഇന്‍റർനെറ്റ് എന്നിവയെല്ലാം ഉപയോഗപ്പെടുത്തി നാടിനെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം"- അൽടോമോന്‍റെ മേയർ ജിയാൻപിയട്രോ കൊപ്പോള പറഞ്ഞു.

കലാബ്രിയയിലെ മിക്ക പ്രദേശങ്ങളിലും 5000ല്‍ താഴെയാണ് ജനസംഖ്യ. ഒരേ സമയം സാമ്പത്തിക പ്രതിസന്ധിയും സാമൂഹ്യ പ്രതിസന്ധിയും നേരിടുന്നു. ഈ സാഹചര്യത്തില്‍ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാനായാണ് ഇത്തരം പദ്ധതികള്‍. ഇതാദ്യമായല്ല ഇറ്റലി ഇത്തരമൊരു ആശയം അവതരിപ്പിക്കുന്നത്. ഇറ്റലിയിലെ പല പ്രദേശങ്ങളിലും ജനസംഖ്യാ നിരക്ക് കുറയുകയാണ്. സലേമി എന്ന സ്ഥലത്ത് ആള്‍ത്താമസമില്ലാത്ത വീടുകൾ ചുരുങ്ങിയ വിലയ്ക്ക് വില്‍ക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News