അമേരിക്കയിൽ ഏറ്റവും കൂടുതൽ വിദ്വേഷ ആക്രമണത്തിനിരയാവുന്നത് ജൂതരും സിഖുകാരും
വിവിധ ന്യൂനപക്ഷ മതവിഭാഗങ്ങളിലായി 9,024 പേരാണ് കുറ്റകൃത്യങ്ങൾക്ക് ഇരയായതെന്നും റിപ്പോർട്ട് പറയുന്നു.
വാഷിങ്ടൺ: അമേരിക്കയിൽ ഏറ്റവും കൂടുതൽ വംശീയ ആക്രമണത്തിനിരയാവുന്ന മതവിഭാഗങ്ങൾ ജൂതരും സിഖുകാരുമെന്ന് റിപ്പോർട്ട്. 2021ൽ യുഎസിൽ ഏറ്റവും വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായ രണ്ട് വിഭാഗങ്ങൾ ജൂതന്മാരും സിഖുകാരുമാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) വാർഷിക റിപ്പോർട്ട് പറയുന്നു.
2021ൽ ആകെ 1005 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും എഫ്.ബി.ഐ വ്യക്തമാക്കുന്നു. മതവിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 31.9 ശതമാനം ജൂത വിരുദ്ധ സംഭവങ്ങളും 21.3 ശതമാനം സിഖ് വിരുദ്ധവും 9.5 ശതമാനം മുസ്‌ലിം വിരുദ്ധവും 6.1 കാത്തലിക് വിരുദ്ധവും 6.5 ശതമാനം ഈസ്റ്റേൺ ഓർത്തഡോക്സ് വിരുദ്ധവുമാണ്.
വിവിധ ന്യൂനപക്ഷ മതവിഭാഗങ്ങളിലായി 9,024 പേരാണ് കുറ്റകൃത്യങ്ങൾക്ക് ഇരയായതെന്നും റിപ്പോർട്ട് പറയുന്നു. വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്നും എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു.
2021ലെ എഫ്.ബി.ഐ ഡാറ്റ അനുസരിച്ച് 64.8 ശതമാനം ഇരകളും ആക്രമണത്തിനിരയായത് കുറ്റവാളികളുടെ വംശീയതാ മനോഭാവവും വിവിധ മതവിഭാഗങ്ങളോടുള്ള വെറിയും മൂലമാണ്.
അതേസമയം, 2021ലെ വംശീയ ആക്രമണങ്ങളിൽ 63.2 ശതമാനവും കറുത്ത വർഗക്കാരോ ആഫ്രിക്കൻ അമേരിക്കൻ വിഭാഗങ്ങളോ ഇരയായ കുറ്റകൃത്യങ്ങളാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു.