യുഎസ് ഫെഡറൽ കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിത; ചരിത്രമെഴുതാൻ നുസ്രത് ജഹാൻ ചൗധരി

അമേരിക്കയിൽ പൗരാവകാശ രംഗത്ത് സജീവമായ നുസ്രത് ജഹാൻ ചൗധരി കുടിയേറ്റവിരുദ്ധ, വംശവിവേചന നയങ്ങൾക്കെതിരായ നിയമയുദ്ധങ്ങള്‍ക്കു നേതൃത്വം നല്‍കിയും ശ്രദ്ധനേടിയിരുന്നു

Update: 2022-01-20 09:47 GMT
Editor : Shaheer | By : Web Desk
Advertising

അമേരിക്കൻ നീതിന്യായ ചരിത്രത്തിൽ ആദ്യ ഫെഡറല്‍ മുസ്‍ലിം വനിതാ ജഡ്ജിയാകാൻ നുസ്രത് ജഹാൻ ചൗധരി. പൗരാവകാശ രംഗത്ത് സജീവമായ നുസ്രതിനെ ഫെഡറൽ ബെഞ്ച് ജഡ്ജിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. കിഴക്കൻ ന്യൂയോർക്കിലെ ജില്ലാ കോടതി അംഗമായാണ് നുസ്രത് ജഹാൻ സ്ഥാനമേൽക്കാൻ പോകുന്നത്.

2020 മുതൽ ഇല്ലിനോയ്‌സ് കേന്ദ്രമായി പ്രവർത്തിക്കുന്ന പൗരാവകാശ സംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ ഓഫ് ഇല്ലിനോയ്‌സിന്റെ(എസിഎൽയു) ലീഗൽ ഡയരക്ടറായിരുന്നു നുസ്രത് ജഹാൻ ചൗധരി. ബംഗ്ലാദേശ് വംശജയാണ്. ബൈഡന്റെ നാമനിർദേശം സെനറ്റ് അംഗീകരിച്ചാൽ ഫെഡറൽ ജഡ്ജിയാകുന്ന ആദ്യ ബംഗ്ലാദേശി അമേരിക്കനും രണ്ടാമത്തെ അമേരിക്കൻ മുസ്‍ലിമുമാകും നുസ്രത്.

എസിഎൽയു ഡയരക്ടറാകുന്നതിനു മുൻപ് വംശീയ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ നിയമസഹായങ്ങൾക്കായി പ്രവർത്തിക്കുന്ന റേഷ്യൽ ജസ്റ്റിസ് പ്രോഗ്രാം ഡെപ്യൂട്ടി ഡയരക്ടറുമായിരുന്നു നുസ്രത് ജഹാൻ. കുടിയേറ്റക്കാർക്കെതിരായ ഭരണകൂടനീക്കങ്ങൾക്കെതിരെ നിയമവ്യവഹാരങ്ങൾക്കു നേതൃത്വം നൽകിയയാളാണ്. കറുത്ത വംശജർക്കും ഏഷ്യൻ വംശർക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ നുസ്രതിന്റെ നിർണായക ഇടപെടലുകളുണ്ടായിരുന്നു.

അമേരിക്കൻ നീതിന്യായ സംവിധാനത്തെ കൂടുതൽ വൈവിധ്യപൂർണമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി എട്ടുപേരെയാണ് ഫെഡറൽ ജഡ്ജിമാരായി ബൈഡൻ കഴിഞ്ഞ ദിവസം നാമനിർദേശം ചെയ്തത്. ഇതിൽ കറുത്ത വംശജരായ രണ്ട് വനിതകളും ഒരു ലാറ്റിനമേരിക്കൻ വനിതയും ഒരു തായ്‌വാൻ വംശജനമുണ്ട്. ബൈഡൻ അധികാരമേറ്റ ശേഷം 83 പേരെ ഫെഡറൽ കോടതി ജഡ്ജിമാരായി നാമനിർദേശം ചെയ്തിട്ടുണ്ടെങ്കിലും 40 പേർക്ക് മാത്രമാണ് ഇതുവരെ സെനറ്റ് അംഗീകാരം നൽകിയിട്ടുള്ളത്.

പാകിസ്താൻ വംശജനായ സാഹിദ് ഖുറൈഷിയാണ് അമേരിക്കൻ ഫെഡറൽ കോടതി ജഡ്ജിയാകുന്ന ആദ് മുസ്‍ലിം. കഴിഞ്ഞ ജൂണിലാണ് ന്യൂഴജ്‌സി ജില്ലാ ജഡ്ജിയായി സാഹിദ് നിയമിക്കപ്പെടുന്നത്.

Summary: US president Joe Biden nominates Bangladeshi-American Nusrat Jahan Choudhury to be the country's first Muslim woman to serve as a federal judge

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News