ഹിസ്ബുല്ലയുടെ ഡ്രോൺ നെതന്യാഹുവിന്റെ വീട്ടിൽ പതിച്ച് നാശനഷ്ടങ്ങളുണ്ടായി; ചിത്രങ്ങൾ പുറത്ത്
വീട്ടിലെ നാശനഷ്ടത്തിന്റെ ചിത്രം പുറത്തുവിടാൻ ഇസ്രായേലി സൈന്യം അനുവദിച്ചിരുന്നില്ല
തെൽ അവീവ്: ഹിസ്ബുല്ല ലബനാനിൽനിന്ന് തൊടുത്തുവിട്ട ഡ്രോൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വീട്ടിൽ നാശനഷ്ടം സൃഷ്ടിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ. ഇതിന്റെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവിടാൻ ഇസ്രായേൽ സൈന്യം മാധ്യമങ്ങളെ അനുവദിച്ചത്. ശനിയാഴ്ചയായിരുന്നു ആക്രമണം.
പുതുതായി പുറത്തുവന്ന ചിത്രത്തിൽ വീടിനുണ്ടായ കേടുപാടുകൾ വ്യക്തമായി കാണാം. സ്ഫോടനത്തിൽ ബെഡ്റൂമിലെ ജനവാതിലിന്റെ ചില്ലുകൾ പൊട്ടിയിട്ടുണ്ട്. അതേസമയം, ഉറപ്പുള്ള ഗ്ലാസും മറ്റു സംരക്ഷണവുമുള്ളതിനാൽ റൂമിനകത്തേക്ക് തുളച്ചുകയറാൻ സാധിച്ചിട്ടില്ല. സമീപത്തെ കുളത്തിലും മുറ്റത്തും ചില്ലുകഷ്ണങ്ങൾ വീണതായി റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇറാന്റെ ഏജന്റുമാരാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രായേൽ നടത്തിയ അന്വേഷണത്തിൽ, സംഭവത്തിന് പിന്നിൽ ബെയ്റൂത്തിലെ ഇറാനിനയൻ എംബസി ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ലെബനാനിൽനിന്ന് മൂന്ന് ഡ്രോണുകളാണ് ഹിസ്ബുല്ല വിക്ഷേപിച്ചത്. ഇതിൽ രണ്ടെണ്ണം പ്രതിരോധിക്കാൻ സാധിച്ചെങ്കിലും ഒരെണ്ണം നെതന്യാഹുവിന്റെ വീട്ടിൽ നാശനഷ്ടം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണം തുടരുകയാണ്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയാണ് ഇത് വെളിവാക്കുന്നത്. ഡ്രോൺ ആക്രമണ സമയത്ത് സിസേറിയയിൽ അപായ സൈറണുകൾ മുഴങ്ങിയിരുന്നില്ല. ഡ്രോണുകൾ കണ്ടെത്താനുള്ള ഹെലികോപ്റ്ററകളും പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഡ്രോൺ നെതന്യാഹുവിന്റെ വീട്ടിൽ പതിച്ചത്. അതിനാൽ തന്നെ വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് ഇതിനെ ഇസ്രായേൽ കാണുന്നത്.
ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഹിസ്ബുല്ല ചൊവ്വാഴ്ച ഏറ്റെടുത്ത് രംഗത്തുവരികയുണ്ടായി. ‘ചെറുത്തുനിൽപ്പ് പോരാളികളുടെ കണ്ണുകൾ എല്ലാം കാണുന്നുണ്ട്, അവരുടെ ചെവികൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ അടുത്ത് എത്താൻ സാധിച്ചില്ലെങ്കിലും ഞങ്ങളുടെ മുന്നിൽ ഇനിയും ദിവസങ്ങളും രാത്രികളും നമുക്കിടയിൽ യുദ്ധക്കളങ്ങളുമുണ്ട്’ -ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസ് ഓഫിസർ മുഹമ്മദ് അഫീഫ് പറഞ്ഞു. ഹിസ്ബുല്ലയുടെ നിയന്ത്രണവും ഏകോപന സംവിധാനവുമെല്ലാം മികച്ച അവസ്ഥയിലാണ്. ഹിസ്ബുല്ലയുടെ സൈനികവിന്യാസം പഴയനിലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇരുമ്പിന് ഇരുമ്പ്, രക്തത്തിന് രക്തം, തീയിന് തീ എന്നാണ് ഹിസ്ബുല്ലയുടെ നിലപാടെന്നും അഫീഫ് വ്യക്തമാക്കി.
ഹിസ്ബുല്ലയുടെ ഓപ്പറേഷനുകൾ വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം 25ഓളം ആക്രമണങ്ങളാണ് നടത്തുന്നത്. വടക്കൻ, മധ്യ ഇസ്രായേലിലെ അധിനിവേശ പ്രദേശങ്ങളിൽ കൂടുതൽ കൃത്യതയും മികച്ചതുമായ ആക്രമണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തെ തുടർന്ന് ബുധനാഴ്ച തെൽ അവീവിലും ഹൈഫയിലുമെല്ലാം സൈറണുകൾ മുഴങ്ങിയിട്ടുണ്ട്.
നെതന്യാഹുവിന്റെ വീടിന് നേരെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തെ ഹമാസ് പ്രകീർത്തിച്ചുകൊണ്ട് രംഗത്തുവന്നു. നേതാക്കളുടെ രക്തസാക്ഷിത്വം ഒരുതലത്തിലും പ്രതിരോധ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തില്ല എന്ന സന്ദേശമാണ് ഈ ആക്രമണം നൽകുന്നതെന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ പറഞ്ഞു. പ്രതിരോധ സംഘങ്ങളുടെ ദൃഢനിശ്ചയം വർധിച്ചിരിക്കുകയാണ്. ഇസ്രായേലി നേതൃത്വത്തിന് ഒരിക്കലും ഈ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെൽ അവീവ് ലക്ഷ്യമാക്കി യമനിൽനിന്ന് ഹൂതികൾ ചൊവ്വാഴ്ച വീണ്ടും ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ അയച്ചു. സൈനിക താവളം ലക്ഷ്യമാക്കിയാണ് ‘ഫലസ്തീൻ 2’ മിസൈൽ വിക്ഷേപിച്ചതെന്ന് ഹൂതി വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‍യ സാരീ പറഞ്ഞു. മേഖലയിലെ അമേരിക്കൻ, ഇസ്രായേലി പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈൽ ലക്ഷ്യത്തിലെത്തിയത്. ഗസ്സയിലെയും ലബനാനിലെയും ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിന് നേരെയുള്ള തിരിച്ചടികൾ തുടരുമെന്നും സാരീ വ്യക്തമാക്കി.
ഹൂതികളുടെയും ഹിസ്ബുല്ലയുടെയും ആക്രമണം കൂടാതെ ഇറാഖിലെ ഇസ്ലാമിക പ്രതിരോധ സംഘവും അധിനിവേശ ഇസ്രായേൽ പ്രദേശങ്ങൾ ലക്ഷ്യമാക്കി ബുധനാഴ്ച രാവിലെ ഡ്രോൺ ആക്രമണം നടത്തുകയുണ്ടായി. അധിനിവേശ ഗോലാൻ കുന്നുകളെയും എയ്‍ലാത്ത് നഗരവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.