ആശുപത്രിയിൽ ഇസ്രായേൽ ജീവനോടെ ചുട്ടെരിച്ച ഷഹബാന്റെ സഹോദരിയും യാത്രയായി

ഒക്ടോബർ 14ന് നടത്തിയ ആക്രമണത്തിൽ ഷഹബാന്റെ മാതാവടക്കം നാലുപേരാണ് പൊള്ളലേറ്റ് മരിച്ചത്

Update: 2024-10-22 12:32 GMT
Advertising

ഗസ്സ സിറ്റി: ഇസ്രായേലിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ഉദാഹരണങ്ങളിലൊന്നായിരുന്നു ഒക്ടോബർ 14ന് മധ്യ ഗസ്സയിലെ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണം. ദെയറൽ ബലാഹ് നഗരത്തിലുള്ള അൽ അഖ്സ രക്തസാക്ഷി ആശുപത്രിൽ നടത്തിയ ആക്രണമണത്തിൽ ടെന്റുകൾക്ക് തീപിടിച്ച് നാലു​പേർ കൊല്ലപ്പെടുകയും 70ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദാരുണമായ ദൃശ്യങ്ങൾ ലോകം ഞെട്ടലോടെയാണ് കണ്ടത്. ജീവനോടെ തീയിലകപ്പെട്ട ഷഹബാൻ അൽ ദലൂവെന്ന 19കാരന്റെ അന്ത്യനിമിഷങ്ങൾ മനസ്സുകളെ പിടിച്ചുലക്കുന്നതായിരുന്നു. പരിക്കേറ്റ് ടെന്റിനുള്ളിൽ കൈയിൽ ഡ്രിപ്പിട്ട് കിടക്കവെയാണ് ഷഹബാനെ തീവീഴുങ്ങന്നത്. സംഭവത്തിൽ പൊള്ളലേറ്റിരുന്ന ഷഹബാന്റെ സഹോദരി ഫറാ അൽ ദലൂവും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ ചികിത്സക്കിടെയായിരുന്നു മരണം.

ഇവരുടെ മാതാവ് അലാ അബ്ദുന്നാസർ അൽ ദലൂവും പൊള്ളലേറ്റ് മരിച്ചിരുന്നു. ഷഹബാന്റെ മറ്റൊരു സഹോദരി ഗുരുതരമായി പൊള്ളലേറ്റ് ഐസിയുവിലാണ്. ഗസ്സയിൽ മതിയായ സൗകര്യമില്ലാത്തത് ഇവരുടെ ചികിത്സയെ ബാധിക്കുന്നുണ്ട്. മകളെ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ചികിത്സിക്കാൻ നടപടിയെടുക്കണമെന്ന് പിതാവ് ലോകനേതാക്കളോട് അഭ്യർഥിക്കുന്നുണ്ട്.

ഗസ്സ അൽ അസ്ഹർ സർവകലാശാലയിലെ സോഫ്റ്റ്​വെയർ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ഷഹബാൻ. യുവാവിന്റെ അന്ത്യനിമിഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ദശലക്ഷക്കണക്കിന് പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. നിരവധി പേർ ഈ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു.

 

മരണത്തിന് പിന്നാലെ ഷഹബാന്റെ പഴയ വിഡിയോയും ഏറെ ചർച്ചായായിരുന്നു. ആശുപത്രിയിലെ ടെന്റിൽനിന്നുള്ള വിഡിയോയാണ് ഷഹബാൻ പങ്കുവെച്ചിരുന്നത്. ‘ഈ ക്രൂരമായ പട്ടിണി യുദ്ധത്തിൽ അഞ്ച് തവണയാണ് ഞങ്ങൾ കുടിയിറക്കപ്പെട്ടത്. ഇപ്പോൾ ഞങ്ങൾ മധ്യ ഗസ്സയിലെ ദെയറൽ അൽ ബലാഹിലുള്ള അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിലാണുള്ളത്. ഞാൻ മുതിർന്നവനായതിനാൽ തന്റെ കുടുംബത്തെ പരിപാലിക്കേണ്ട ഉത്തരവാദിത്തമുണ്ട്. എനിക്ക് രണ്ട് സഹോദരിമാരും രണ്ട് ചെറിയ സഹോദരൻമാരും രക്ഷിതാക്കളുമാണുള്ളത്. വീടില്ലാത്തതും പരിമിതമായ ഭക്ഷണവും മരുന്നും മാത്രമുള്ള വളരെ മോശമായ അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഞങ്ങൾക്കും തണുത്തുറഞ്ഞ കാലാവസ്ഥക്കും ഇടയിലുള്ള ഒരേ ഒരു കാര്യം ഞങ്ങൾ നിർമിച്ച ടെന്റ് മാത്രമാണ്’ -ഷഹബാൻ വിഡിയോയിൽ പറയുന്നുണ്ട്. ഷഹബാന് 20 വയസ്സ് തികയാൻ രണ്ട് ദിവസം ബാക്കിനിൽക്കവെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. നേരത്തേ പള്ളിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഷഹബാന് പരിക്കേറ്റിരുന്നു.

ഷഹബാന്റെ മരണത്തിന് പിന്നാലെ പിതാവിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘നിമിഷങ്ങൾക്കുള്ളിലാണ് വലിയ തീ ഞങ്ങളെയെല്ലാം പിടികൂടിയത്. അത് എന്റെ മക്കളെ പുണർന്നു. ഭാര്യ ഉറക്കത്തിലായിരുന്നതിനാൽ അവർക്കും എണീൽക്കാൻ സാധിച്ചില്ല. ബോംബാക്രമണത്തിന്റെ ശക്തിയിൽ ഞാൻ ടെന്റിൽനിന്ന് എടുത്തെറിയപ്പെട്ടു. ഷഹബാൻ അപ്പോൾ കിടക്കയിൽ ഇരിക്കുകയായിരുന്നു. അവന് സ്വയം രക്ഷപ്പെടാൻ സാധിക്കുമെന്ന് ഞാൻ കരുതി. അതിനാൽ തന്നെ ഉറങ്ങുകയായിരുന്ന മറ്റു മക്കളുടെ അടുത്തേക്കാണ് ഞാൻ പോയത്. അവരെ ഞാൻ രക്ഷിച്ചു. പക്ഷെ, ഷഹബാനെ രക്ഷിക്കാൻ സാധിച്ചില്ല’ -പിതാവ് വിതുമ്പിക്കൊണ്ട് പറയുന്നു.

 

എന്റെ വലത് കൈയിലാകെ തീപടർന്നിരുന്നു. ഒക്ടോബർ 16നാണ് അവന്റെ പിറന്നാൾ. ഇപ്പോൾ അവൻ അവന്റെ ഉമ്മയോടൊപ്പം സ്വർഗത്തിൽ ജന്മദിനം ആഘോഷിക്കുന്നുണ്ടാകും. അവനെ രക്ഷിക്കാൻ സാധിക്കാത്തതിനാൽ ഞാൻ അവനോട് ക്ഷമ ​ചോദിക്കുകയാണ്. നേരത്തേ പള്ളിയിൽ ഇസ്രായേൽ സൈന്യം ബോംബിടുമ്പോൾ അവൻ ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. ആക്രമണത്തിനിടയിലും അവൻ പാരായണം തുടർന്നു. ഖുർആൻ ഹൃദിസ്ഥമാക്കിയയാളാണ് ഷഹബാൻ. അന്ന് ആക്രമണത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്. ചെറിയ പരിക്കുകളോടെയാണ് ഷഹബാൻ രക്ഷപ്പെട്ടത്. അവൻ എൻജിനീയറകുന്ന നിമിഷത്തിന് വേണ്ടി ഞാങ്ങൾ കാത്തിരിക്കുകയായിരുന്നുവെന്നും വിഡിയോയിൽ പിതാവ് പറയുന്നുണ്ട്.

ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ 70ഓളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടിയിറക്കപ്പെട്ട നിരവധി പേർ ഇവിടെ താമസിക്കുന്നുണ്ട്. ബോംബാക്രമണത്തിൽ ടെന്റുകൾക്ക് തീപിടിക്കുകയായിരുന്നു. ഈ വർഷം ഇത് ഏഴാം തവണയാണ് അൽ അഖ്സ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഗസ്സ മീഡിയ ഓഫിസ് പറയുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News