ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റു; വീൽചെയറിലെത്തി ഒളിമ്പിക്‌സ് ദീപശിഖയേന്തി മാധ്യമപ്രവർത്തക
'വീണ്ടും എഴുന്നേറ്റു നിൽക്കാനും ക്യാമറ പിടിച്ച് ജോലിയിൽ പ്രവേശിക്കാനും കഴിയുന്ന ദിവസമായിരിക്കും തനിക്ക് നീതി ലഭിക്കുക'
പാരീസ്: യുദ്ധഭൂമിയിൽ മരിച്ചുവീണതും മുറിവേറ്റവതുമായ മാധ്യമപ്രവർത്തകർക്ക് ആദരവുമായി ലെബനൻ മാധ്യമപ്രവർത്തക. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലെബനീസ് ഫോട്ടോ ജേണലിസ്റ്റ് ക്രിസ്റ്റീന അസ്സിയാണ് പാരീസിൽ ഒളിമ്പിക് ദീപശിഖ വഹിച്ച് ആദരമർപ്പിച്ചത്. എ.എഫ്.പി വാർത്താ ഏജൻസിയുടെ മാധ്യമപ്രവർത്തകയാണ് ക്രിസ്റ്റീന.
2023 ഒക്ടോബർ 13ന് ഇസ്രായേൽ സൈനികരും ഹിസ്ബുല്ല അംഗങ്ങളും തമ്മിലുള്ള വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ ഷെല്ലാക്രമണത്തിലാണ് ക്രിസ്റ്റീനയക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അസിയുടെ വലതുകാലിൻ്റെ ഒരു ഭാഗം അറ്റുപോയിരുന്നു. അൽ-ജസീറ, എ.എഫ്.പി., റോയിട്ടേഴ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘത്തിനും അന്ന് പരിക്കേറ്റു. ആക്രമണത്തിൽ റോയിട്ടേഴ്‌സ് വീഡിയോഗ്രാഫർ ഇസ്സാം അബ്ദള്ള കൊല്ലപ്പെട്ടു.
അൽ ജസീറയുടെ ക്യാമറാമാൻ എലി ബ്രാഖിയ, റിപ്പോർട്ടർ കാർമെൻ ജൗഖാദർ, എ.എഫ്.പി വീഡിയോഗ്രാഫർ ഡിലൻ കോളിൻസ് എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷം നവംബറിൽ, പാൻ-അറബ് ടെലിവിഷൻ ശൃംഖലയായ അൽ-മയദീനിലെ റാബിഹ് അൽ-മമാരിയും ഫറാ ഒമറും സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ തെക്കൻ ലെബനനിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണം മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചല്ലെന്നും തങ്ങൾ പരിശോധിച്ചുവരുകയുമാണെന്നാണ് ഇസ്രായേൽ സൈന്യം അന്ന് പറഞ്ഞത്.
എന്നാൽ, ഏറ്റുമുട്ടൽ ചിത്രീകരിക്കുന്നതിനിടെ ഒരു ഇസ്രായേൽ ടാങ്ക് തുടർച്ചയായി രണ്ട് ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്നാണ് അബ്ദള്ള കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അൽ ജസീറ, എഎഫ്‌പി, റോയിട്ടേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇസ്രായേൽ തങ്ങളുടെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതായി ആരോപിച്ചിരുന്നു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വളരെ അകലെയാണ് തങ്ങളുടെ ജീവനക്കാർ നിലയുറപ്പിച്ചിരുന്നത്. അവരുടെ വാഹനങ്ങളിൽ പ്രസ് എന്ന് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇസ്രായേൽ ആക്രമണം ആസൂത്രിതമാണെന്നും യുദ്ധക്കുറ്റമായി അന്വേഷിക്കണമെന്നും അവകാശ സംഘടനകളായ ആംനസ്റ്റി ഇൻ്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും പറഞ്ഞു. ഗസ്സയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 108 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് സംഘടന അറിയിച്ചു. അവരിൽ ഭൂരിഭാഗം ഫലസ്തീനികളാണെന്നും അവർ കൂട്ടിച്ചേർത്തു.
സഹപ്രവർത്തകൻ കോളിൻസിനോടൊപ്പമാണ് അസ്സി വീൽചെയറിൽ വിൻസെനസ് തെരുവിലൂടെ ദീപശിഖയേന്തിയത്. എ.എഫ്.പിയിലെ മറ്റ് സഹപ്രവർത്തകരും നൂറുകണക്കിന് കാണികളും അവർക്ക് പ്രോത്സാഹനവുമായെത്തി. ഇത് കാണാൻ ഇസ്സാം ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നതായി ക്രിസ്റ്റീന പറഞ്ഞു. നീതിയെ കുറിച്ചും ഒക്‌ടോബർ 13ന് നടന്ന ആസൂത്രിത ആക്രമണത്തെ കുറിച്ചും തുടർന്ന് സംസാരിക്കാനുള്ള അവസരമാണിതെന്ന് കോളിൻസും പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകണമെന്നും മരണത്തെ ഭയപ്പെടാതെ ജോലി ചെയ്യാൻ അവർക്ക് കഴിയണം എന്ന സന്ദേശം നൽകാനുമാണ് താൻ റിലേയിൽ പങ്കെടുക്കുന്നതെന്ന് അസി പറഞ്ഞു. ഒളിമ്പിക്സിലുള്ള തന്റെ പങ്കാളിത്തം മാധ്യമപ്രവർത്തകരെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും എഴുന്നേറ്റു നിൽക്കാനും ക്യാമറ പിടിച്ച് ജോലിയിൽ പ്രവേശിക്കാനും കഴിയുന്ന ദിവസമായിരിക്കും തനിക്ക് നീതി ലഭിക്കുക എന്ന് ക്രിസ്റ്റീന പറഞ്ഞു.
ജൂലൈ 26 ന് തുടങ്ങുന്ന ഒളിമ്പിക് ഗെയിംസിൻ്റെ ആഘോഷങ്ങളുടെ ഭാഗമായാണ് മെയ് മാസത്തിൽ ടോർച്ച് റിലേ ആരംഭിച്ചത്. ഇതിൽ വ്യത്യസ്തരായ 10,000 പേരെ ഫ്രാൻസിലുടനീളം ജ്വാല വഹിക്കാൻ തെരഞ്ഞെടുത്തു.