പനിച്ചുവിറച്ച് കിം; വെളിപ്പെടുത്തലുമായി സഹോദരി
കൊറിയൻ ജനതയുടെ കാര്യം ആലോചിച്ച് കിം ഒരു നിമിഷം പോലും വിശ്രമിച്ചിട്ടില്ലെന്ന് സഹോദരി കിം യോ ജോങ്
പ്യോങ്‌യാങ്: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായിരുന്നതായി റിപ്പോർട്ട്. കോവിഡിനിടെ കടുത്ത പനി ബാധിച്ച് കിടപ്പിലായിരുന്നു കിം എന്നാണ് വിവരം. സഹോദരി കിം യോ ജോങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി നേരത്തെയും വാർത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ, പതിവിൽനിന്നു വ്യത്യസ്തമായാണ് സഹോദരനെക്കുറിച്ച് കിം യോ ജോങ്ങിന്റെ വെളിപ്പെടുത്തൽ. കൊറിയൻ ജനങ്ങളുടെ സ്ഥിതി ആലോചിച്ചാണ് സഹോദരൻ രോഗബാധിതനായതെന്നാണ് അവരുടെ വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ കാര്യം ആലോചിച്ച് സഹോദരൻ ഒരു നിമിഷം പോലും വിശ്രമിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി.
ദക്ഷിണ കൊറിയയിൽനിന്നെത്തിയ ദുരൂഹമായ ലഘുലേഖകളിലൂടെയാണ് രാജ്യത്ത് കോവിഡ് വ്യാപിച്ചതെന്ന ഉ.കൊറിയൻ വൃത്തങ്ങളുടെ ആരോപണം കിം യോ ജോങ്ങും ആവർത്തിച്ചു. ദ.കൊറിയൻ വൃത്തങ്ങളാണ് ഇവ അയച്ചതെന്നും അവർ ആരോപിച്ചു. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് കിം യോ ജോങ്ങിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.
അടുത്തിടെ നിരവധി പേർക്ക് വ്യാപകമായി പനി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇത് കോവിഡാണെന്ന് സ്ഥിരീകരിക്കാൻ ഉ.കൊറിയ തയാറായിട്ടില്ല. കോവിഡിന്റെ ആദ്യഘട്ടം മുതൽ തന്നെ പുറത്തുനിന്നുള്ള വാക്‌സിൻ വാങ്ങാൻ രാജ്യം കൂട്ടാക്കിയിരുന്നില്ല. കൊറിയയിൽ വേണ്ടത്ര പരിശോധനാ കിറ്റുകളും ഇല്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
Summary: Kim Jong Un's sister Kim Yo Jong revealed that the North Korean leader suffered from a "high fever" during a recent Covid outbreak