കാനഡയിൽ ഗാന്ധി പ്രതിമ വികൃതമാക്കി ഖലിസ്ഥാൻവാദികൾ; സ്പ്രേ പെയിന്റ് കൊണ്ട് ഇന്ത്യാവിരുദ്ധ- അധിക്ഷേപ ഗ്രാഫിറ്റിയും
പ്രതിമയിൽ ഗാന്ധിയുടെ കൈയിലുള്ള വടിയിൽ ഖാലിസ്ഥാൻ പതാക കെട്ടിവയ്ക്കുകയും ചെയ്തു.
ഒന്റാറിയോ: ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ കാനഡയിലും ഖലിസ്ഥാൻവാദികളുടെ അതിക്രമം. കാനഡയിലെ ഒന്റാറിയോയിൽ മഹാത്മാഗാന്ധിയുടെ ആറടി വലിപ്പമുള്ള വെങ്കല പ്രതിമ ഖലിസ്ഥാൻവാദികൾ വികൃതമാക്കി. പ്രതിമയുടെ മുഖത്തുൾപ്പെടെ സ്പ്രേ പെയിന്റടിച്ച് വികൃതമാക്കിയ ഖലിസ്ഥാൻവാദികൾ, അതിനു ചുറ്റും ഇന്ത്യാ വിരുദ്ധ- ഖലിസ്ഥാൻ അനുകൂല ഗ്രാഫിറ്റി നടത്തുകയും ചെയ്തു.
ഇന്ത്യൻ സർക്കാർ സമ്മാനിച്ച പ്രതിമയുടെ താഴെ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും പ്രധാനമന്ത്രിക്കെതിരായ മുദ്രാവാക്യങ്ങളും എഴുതുകയും ചെയ്തു. പ്രതിമയിൽ ഗാന്ധിയുടെ കൈയിലുള്ള വടിയിൽ ഖാലിസ്ഥാൻ പതാക കെട്ടിവയ്ക്കുകയും ചെയ്തു. പുലർച്ചെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇതോടെ നഗര അധികാരികൾ പ്രതിമ വൃത്തിയാക്കാനുള്ള നടപടിയാരംഭിച്ചു. പ്രതിമ വികൃതമാക്കിയത് സംബന്ധിച്ച് പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും ഹാമിൽട്ടൺ പൊലീസ് സ്ഥിരീകരിച്ചു. തീവ്ര സിഖ് സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പെലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് വിദേശരാജ്യങ്ങളിൽ ഖലിസ്ഥാൻ അനുകൂലികൾ അതിക്രമം തുടരുന്നത്.
കഴിഞ്ഞദിവസമാണ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായത്. വാളുകളും മരക്കമ്പുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കോൺസുലേറ്റിലെത്തിയ അക്രമികൾ, കെട്ടിടത്തിന്റെ വാതിലുകളിലും ജനലുകളിലും ഉള്ള ചില്ലുകൾ അടിച്ചുതകർത്തിരുന്നു.
കെട്ടിടത്തിന്റെ പുറംഭിത്തിയിൽ "അമൃത്പാലിനെ സ്വതന്ത്രമാക്കൂ" എന്ന് സ്പ്രേ ചെയ്യുകയും ചെയ്തു. ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയായിരുന്നു സാൻഫ്രാൻസിസ്കോയിലും ഖലിസ്ഥാൻ അനുകൂലികളുടെ അതിക്രമം. ഇന്ത്യൻ ഹൈകമ്മീഷനിലെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ ത്രിവർണ പതാക അഴിച്ചുമാറ്റുകയും ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.
അതിക്രമത്തിൽ രണ്ട് സുരക്ഷാ ഗാർഡുകൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരു ഖലിസ്ഥാനി വാദിയെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ ഏറ്റവും മുതിർന്ന യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. പരിസരത്ത് മതിയായ സുരക്ഷയില്ലാത്തതിനെ ഇന്ത്യ ചോദ്യം ചെയ്യുകയും ചെയ്തു.
അതസമയം, ഇന്ത്യൻ എംബിസിക്കു നേരെ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ രംഗത്തെത്തി. ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി വ്യക്തമാക്കി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഇന്ത്യൻ സ്ഥാനപതിയെ അറിയിച്ചു. നിലവിൽ ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.