വത്തിക്കാന്‍ പള്ളിയുടെ അള്‍ത്താരയില്‍ വസ്ത്രമഴിച്ച് യുവാവിന്റെ പ്രതിഷേധം
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സന്ദർശനത്തിനെത്തിയ സഞ്ചാരിയാണ് പള്ളിയിലെ അൾത്താരയിൽ കയറി വസ്ത്രമഴിച്ച് പ്രതിഷേധം നടത്തിയത്
വത്തിക്കാൻ സിറ്റി: യുക്രൈൻ യുദ്ധത്തിൽ പ്രതിഷേധിച്ച് വത്തിക്കാൻ ചർച്ചിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധവുമായി യുവാവ്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സന്ദർശനത്തിനെത്തിയ സഞ്ചാരിയാണ് പള്ളിയിലെ പ്രധാന അൾത്താരയിൽ കയറി വസ്ത്രമഴിച്ചത്. യുക്രൈനിലെ കുട്ടികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വ്യാഴാഴ്ച ബസിലിക്ക അടയ്ക്കുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. ഇയാൾ എവിടത്തുകാരനാണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ വത്തിക്കാൻ സുരക്ഷാ ജീവനക്കാർ ഇറ്റാലിയൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാളുടെ ശരീരമാസകലം മുറിവുകളുമുണ്ടായിരുന്നുവെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറയുന്നു.
2016ലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒരാൾ നഗ്നനായെത്തിയത് വലിയ വാർത്തയായിരുന്നു. ബ്രസീൽ വംശജനായ ഇറ്റാലിയൻ പൗരനായ ലൂയിസ് കാർലോസ് ആണ് വസ്ത്രമഴിച്ച് പള്ളിയിൽ പ്രവേശിച്ചത്.
അതിനിടെ, യുക്രൈനിലെ റഷ്യയുടെ സൈനികനടപടികൾ 464 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്നലെയും തലസ്ഥാനമായ കിയവിനു നേരെ റഷ്യൻ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. 30 റഷ്യൻ മിസൈലുകളും ഡ്രോണുകളുമാണ് കിയവ് ലക്ഷ്യമിട്ടെത്തിയത്. ഇതെല്ലാം തകർത്തതായി യുക്രൈൻ വൃത്തങ്ങൾ അറിയിച്ചു.
Summary: Man strips naked on the main altar of St Peter’s Basilica in Vatican City in protest over Ukraine war