രാജ്ഞിക്ക് വിട നൽകാൻ മേഗൻ എത്തിയില്ല; ഉത്തരം നൽകാതെ ഹാരി
ബക്കിങ്ങാം കൊട്ടാരത്തിൽ വെച്ച് വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുവെന്നും മേഗൻ പറഞ്ഞിരുന്നു
എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ബ്രിട്ടണിലെ ആയിരങ്ങളുടെ ചോദ്യമുനകൾ നീണ്ടത് ചെറുമകൻ ഹാരിക്ക് നേരെയാണ്. മേഗൻ എവിടെ? ചാൾസും വില്യംസും അടക്കം രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും എത്തിയപ്പോഴും മേഗൻ മാത്രം ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
രാജ്ഞിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ തന്നെ ഹാരി ലണ്ടനിൽ നിന്ന് സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലേക്ക് തിരിച്ചിരുന്നു. ഹാരിയെ കണ്ടവർ ഒപ്പം മേഗനെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചില പ്രത്യേക കാരണങ്ങളാൽ മേഗന് ലണ്ടനിൽ തന്നെ തുടരേണ്ടി വന്നുവെന്ന ഒഴുക്കൻ മറുപടി നൽകി ഹാരി ഒഴിഞ്ഞുമാറുകയായിരുന്നു. തന്നെ അംഗീകരിക്കപ്പെട്ടില്ല എന്നത് കൊണ്ടാണ് മേഗൻ രാജകുടുംബത്തിനൊപ്പം ചടങ്ങിൽ ചേരാത്തതെന്നാണ് അഭ്യൂഹങ്ങൾ.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ചെറുമകൻ ഹാരി രാജകുമാരനെ വിവാഹം ചെയ്തത് മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് അമേരിക്കൻ നടിയായ മേഗൻ മെർക്കൽ. വിവാഹത്തിന് ശേഷം രാജകുടുംബത്തിൽ നിന്ന് താൻ നേരിടേണ്ടി വന്ന ദുരവസ്ഥകളെ കുറിച്ചുള്ള മേഗന്റെ വെളിപ്പെടുത്തലുകൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഓപ്ര വിന്‍ഫിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മേഗന്റെ വെളിപ്പെടുത്തൽ. ബക്കിങ്ങാം കൊട്ടാരത്തിൽ വെച്ച് വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുവെന്നും മേഗൻ പറഞ്ഞിരുന്നു. തുടർന്ന് രാജപദവികൾ ഉപേക്ഷിച്ച് ബക്കിങാം കൊട്ടാരം വിട്ട മേഗനും ഹാരിയും മക്കളായ ആര്‍ച്ചിക്കും ലിലിബെറ്റിനുമൊപ്പം കാലിഫോര്‍ണിയയിലെ മോന്റെസിറ്റോ നഗരത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.