ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റ് മരിച്ചു
കൺസർവേറ്റിവ് പാർട്ടി അംഗമാണ് അമെസ്
ബ്രിട്ടീഷ് പാർലമെന്റ് അംഗം ഡേവിഡ് അമെസിന് കുത്തേറ്റു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുത്തേറ്റത്. അക്രമിയെ പിടികൂടിയെന്ന് എസെക്സ് പൊലീസ് അറിയിച്ചു. കൺസർവേറ്റിവ് പാർട്ടി അംഗമാണ് അമെസ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം.
സംഭവത്തിൽ 25കാരനെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പിന്നിൽ മറ്റാരുമില്ലെന്നും പൊലീസ് അറിയിച്ചു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി ദൃക്സാക്ഷികൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായങ്ങൾ നൽകിയെങ്കിലും എല്ലാം വിഫലമായി.
ഡേവിഡിന്‍റെ മരണത്തിൽ പാർലമെന്‍റിലെ മറ്റു അംഗങ്ങൾ നടുക്കം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു.1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ് ഡേവിഡ് ആദ്യമായി പാർലമെന്‍റിലെത്തുന്നത്. 1997ൽ സൗത്ത് എൻഡ് വെസ്റ്റിലേക്ക് തട്ടകം മാറ്റി.