ഫലസ്തീനികള്‍ കൊല്ലപ്പെട്ടതില്‍ അനുശോചന യോഗം സംഘടിപ്പിച്ച രണ്ട് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു
ഫോണ്‍ വഴിയാണ് പുറത്താക്കിയ വിവരം കമ്പനി ജീവനക്കാരെ അറിയിച്ചത്
ഡല്‍ഹി: ഗസ്സ യുദ്ധത്തില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതില്‍ അനുശോചിച്ച് യോഗം സംഘടിപ്പിച്ച രണ്ട് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. വാഷിംഗ്ടണിലെ റെഡ്മണ്ടിലുള്ള മൈക്രോസോഫ്റ്റിൻ്റെ കാമ്പസിൽ സംഘടിപ്പിച്ച പരിപാടിക്ക് മണിക്കൂറുകൾക്ക് ശേഷം, വ്യാഴാഴ്ച വൈകിട്ടോടെ തങ്ങളെ പിരിച്ചുവിട്ടതായി രണ്ട് ജീവനക്കാരും അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഫോണ്‍ വഴിയാണ് പുറത്താക്കിയ വിവരം കമ്പനി ജീവനക്കാരെ അറിയിച്ചത്.
ഇസ്രായേലുമായുള്ള 1.2 ബില്യണ്‍ ഡോളറിന്‍റെ ക്ലൗഡ് കരാറായ പ്രൊജക്റ്റ് നിംബസിനെതിരെ സമരം ചെയ്യുന്ന 'നോ ടെക് ഫോര്‍ അപ്പാര്‍ട്ടെയ്ഡ്' എന്ന ജീവനക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു രണ്ട് തൊഴിലാളികളും.''കുടുംബത്തെ നഷ്ടപ്പെട്ട, സുഹൃത്തുക്കളെ അല്ലെങ്കില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരവധി പേര്‍ മൈക്രോസോഫ്റ്റിലുണ്ട്'' ഗവേഷകനും ഡാറ്റാ സയൻ്റിസ്റ്റുമായ അബ്ദുൽറഹ്മാൻ മുഹമ്മദ് പറഞ്ഞു. "എന്നാൽ ഞങ്ങൾക്ക് ഒരുമിച്ചുകൂടാനും ഞങ്ങളുടെ സങ്കടങ്ങൾ പങ്കുവയ്ക്കാനും മരിച്ചുപോയവരുടെ ഓർമകളെ ബഹുമാനിക്കാനും കഴിയുന്ന ഇടം നൽകുന്നതിൽ മൈക്രോസോഫ്റ്റ് ശരിക്കും പരാജയപ്പെട്ടു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"കമ്പനിയുടെ പോളിസി പ്രകാരം ചില വ്യക്തികളെ പിരിച്ചുവിട്ടതായി" മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച അറിയിച്ചു. എന്നാൽ വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. നാടുകടത്തല്‍ ഒഴിവാക്കുന്നതിനായി അടുത്ത രണ്ട് മാസത്തിനുള്ളിൽ തനിക്ക് പുതിയ ജോലി ആവശ്യമാണെന്ന് ഈജിപ്തിൽ നിന്നുള്ള മുഹമ്മദ് പറഞ്ഞു. ഇസ്രായേൽ സൈന്യം മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ ഗസ്സയിലെ ഫലസ്തീൻ വംശഹത്യയുടെ ഇരകളെ ആദരിക്കുന്നതിനും വംശഹത്യയിൽ മൈക്രോസോഫ്റ്റിൻ്റെ പങ്കാളിത്തത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനുമാണ് യോഗം സംഘടിപ്പിച്ചതെന്ന് മറ്റൊരു ജീവനക്കാരനായ ഹോസാം നസ്ർ പറഞ്ഞു.
മൈക്രോസോഫ്റ്റിൽ നിന്ന് കോൾ ലഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്റ്റോപ്പ് ആൻ്റിസെമിറ്റിസം എന്ന സംഘടന തന്‍റെ പിരിച്ചുവിടലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയതായി നാസർ പറഞ്ഞു. ഇസ്രയേലിനെതിരായ പരസ്യ നിലപാടുകളുടെ പേരിൽ നസ്‌റിനെതിരെ നടപടിയെടുക്കാൻ ഇതേ ഗ്രൂപ്പ് മാസങ്ങൾക്ക് മുമ്പ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പുറത്താക്കിയതിനെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തോട് സംഘടന പ്രതികരിച്ചില്ല.
ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച് ഗൂഗിൾ 50 ലധികം തൊഴിലാളികളെ ഈ വർഷം ആദ്യം പിരിച്ചുവിട്ടിരുന്നു.2021 ഏപ്രിലിലാണ് 1.2 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇസ്രായേലും ഗൂഗിളും ആമസോണും തമ്മില്‍ ഒപ്പുവെച്ചത്. ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുകയാണെന്നാണ് നിംബസിനെതിരായ പ്രധാന വിമര്‍ശനം.