വാട്ടർപാർക്കിൽ അതിക്രമിച്ചു കയറി ഏഴ് വയസുകാരിയടക്കം ഏഴ് പേരെ വെടിവച്ച് കൊന്ന് തോക്കുധാരികൾ
വെടിവെപ്പിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പ്രാദേശിക സുരക്ഷാ വിഭാഗം പറഞ്ഞു.
മെക്സിക്കോ സിറ്റി: മെക്‌സിക്കോയിൽ വാട്ടർ പാർക്കിൽ ഇരച്ചുകയറി ആറ് മുതിർന്നവരെയും ഒരു കുട്ടിയെയും കൊലപ്പെടുത്തി തോക്കുധാരികൾ. ശനിയാഴ്ച സെൻട്രൽ മെക്സിക്കോയിലെ ഗ്വാനജുവാറ്റോയിലാണ് സംഭവം. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഏഴ് വയസുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഗ്വാനജുവാറ്റോ നഗരത്തിൽ നിന്ന് 65 കിലോമീറ്റർ തെക്ക് കോർട്ടസാർ എന്ന ചെറുപട്ടണത്തിലെ ലാ പാൽമ സ്വിമ്മിങ് റിസോർട്ടിലെ വാട്ടർപാർക്കിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം വൈകിട്ട് 4.30ന് തോക്കുധാരികൾ റിസോർട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് അധികൃതർ പ്രസ്താവനയിൽ പറയുന്നു.
തുടർന്ന് റിസോർട്ട് സ്റ്റോറിന് കേടുപാടുകൾ വരുത്തുകയും സുരക്ഷാ ക്യാമറകളും മോണിറ്ററും തകർക്കുകയും ചെയ്ത അക്രമികൾ ആക്രമണത്തിന് ശേഷം ഓടിപ്പോവുകയായിരുന്നു. എന്നാൽ വെടിവെപ്പിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് കോർട്ടസാർ പ്രാദേശിക സുരക്ഷാ വിഭാഗം പറഞ്ഞു.
ഈ പ്രദേശം വരുതിയിലാക്കാനും സംസ്ഥാനത്തിലൂടെയുള്ള കടത്തുവഴികൾ നിയന്ത്രിക്കാനും സമീപ വർഷങ്ങളിൽ മയക്കുമരുന്ന് സംഘങ്ങൾ അതിക്രമങ്ങൾ നടത്തിവരുന്നുണ്ട്. അടുത്തകാലത്ത് മയക്കുമരുന്ന് സംഘത്തിന്റെ അക്രമങ്ങളിൽ വർധനവുണ്ടായിട്ടുള്ള സംസ്ഥാനമാണ് ഗ്വാനജുവാറ്റോ. ഇപ്പോഴത്തേതും അതിന്റെ ഭാഗമാണോ എന്നും സംശയമുയർന്നിട്ടുണ്ട്.
ആക്രമണത്തിന് ശേഷം യൂണിവേഴ്സിറ്റി ക്യാമ്പസിനോട് ചേർന്നുള്ള റിസോർട്ടിൽ സൈന്യവും പൊലീസും തമ്പടിച്ചിട്ടുണ്ട്. സാന്താ റോസ ഡി ലിമ ക്രൈം ഗ്രൂപ്പും ഇന്ധന മോഷണവും മയക്കുമരുന്ന് കടത്തും നടത്തുന്ന ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലും തമ്മിലുള്ള തർക്കം മൂലം മെക്‌സിക്കോയിലെ ഏറ്റവും അക്രമാസക്തമായ ഒരു വ്യവസായ സംസ്ഥാനമായി മാറിക്കഴിഞ്ഞു ഗ്വാനജുവാറ്റോ.