ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു

കരാർ വഴിയോ അതല്ലെങ്കിൽ സൈനിക നടപടികളിലൂടെയോ അവശേഷിച്ച ബന്ദികളെയും ഇസ്രായേലിൽ എത്തിക്കുമെന്ന്​ സൈന്യം

Update: 2023-11-28 05:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. നാലുദിവസ വെടിനിർത്തലിന്‍റെ കാലാവധി ഇന്നലെ രാത്രി അവസാനിക്കാനിരിക്കെയാണ് ഇസ്രായേലും ഹമാസുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ടുദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ ധാരണ. കരാർ വഴിയോ അതല്ലെങ്കിൽ സൈനിക നടപടികളിലൂടെയോ അവശേഷിച്ച ബന്ദികളെയും ഇസ്രായേലിൽ എത്തിക്കുമെന്ന്​ സൈന്യം. വടക്കൻ ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കണമെന്ന ഹമാസ്​ ആവശ്യം ഇസ്രായേൽ അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്​.

ഖത്തർ മധ്യസ്​ഥതയിൽ നടന്ന ചർച്ചകളിലൂടെയാണ്​ വെടിനിർത്തൽ രണ്ടു നാൾ കൂടി നീട്ടാനുള്ള ധാരണ. ദിവസം 10 വീതം ബന്ദികളെ ഹമാസ്​ കൈമാറും. ഇതിന്​ പകരമായി നിത്യം 30 ഫലസ്​തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. വെടിനിർത്തൽ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടാനുള്ള ചർച്ചകൾ തുടരുന്നതായി ഖത്തർ അറിയിച്ചു. ഹമാസിനെ തുരത്തുക, ബന്ദിക​െള പൂർണമായി മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ മാറ്റമില്ലെന്ന്​ ഇസ്രായേൽ സൈനിക വക്താവ്​. കരാറില​ൂടെയോ തുടർ യുദ്ധത്തിലൂടെയോ ലക്ഷ്യം നേടുമെന്നും സൈന്യം. ബന്ദികളിൽ സ്​ത്രീകളെയും കുട്ടികളെയുമാണ്​ ഇപ്പോൾ മോചിപ്പിക്കുന്നതെന്നും മറ്റുള്ളവരുടെ കാര്യത്തിൽ പുതിയ ഉപാധികൾ ആവശ്യമാണെന്നും ഹമാസ്​ നേതൃത്വം അറിയിച്ചു.

ഇതു സംബന്ധിച്ച്​ അമേരിക്കയും ഇസ്രായേലുമായി മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ചർച്ച തുടരുകയാണ്​. വെള്ളിയാഴ്ചതുടങ്ങിയ വെടിനിർത്തലിനിടെ 200ലേറെ പേർ ഇരുഭാഗത്തുമായി ഇതുവരെ മോചിതരായി. ആദ്യ മൂന്നു ദിവസം 39 ഇസ്രായേലികളും 19 വിദേശികളും 117 ഫലസ്തീനി തടവുകാരുമാണ് വിട്ടയക്കപ്പെട്ടത്. അവസാന ദിവസവും 11 പേരെ ഹമാസ് കൈമാറി. വെസ്റ്റ് ബാങ്കിൽ അതിക്രമം നടത്തിയിട്ടും വടക്കൻഗസ്സയിലേക്ക് സഹായ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടും ബന്ദി കൈമാറ്റം കാര്യമായ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോയി.

തങ്ങളുടെ ഉറ്റവർക്കും ഹമാസുമായുള്ള കരാറിലൂടെ മോചനമൊരുക്കണമെന്ന ആവശ്യം ഇസ്രായേലിൽ ശക്തമാണ്​. വടക്കൻ ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്​. അതേസമയം ഗസ്സയിലേക്ക്​ ഇന്ധന ട്രക്കുകൾക്ക് നിയന്ത്രണം തുടരുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News