സിറിയയിൽ ഇസ്രായേൽ കടന്നുകയറ്റം തടയാൻ യുഎൻ ഇടപെടണമെന്ന് ആവശ്യം; ഏത് ഭീഷണിയെയും ചെറുക്കുമെന്ന് നെതന്യാഹു
ബശാറുല്‍ അസദ് ഭരണകൂടത്തെ പുറന്തള്ളി വിമതവിഭാഗം സിറിയൻ ഭരണം പിടിച്ച സാഹചര്യം മുൻനിർത്തിയാണ് ഇസ്രായേൽ സേന വ്യാപക ആക്രമണവും അധിനിവേശവും നടത്തിയത്.
ദമാസ്കസ്: സിറിയൻ പ്രദേശങ്ങളിലെ ഇസ്രായേൽ കടന്നുകയറ്റം തടയാൻ യുഎൻ ഇടപെടൽ വേണമെന്ന ആവശ്യം ശക്തം.
ഗോലാൻ കുന്നുകളോട് ചേർന്നുള്ള ബഫർ സോണിൽ ഇസ്രായേൽ സേന നടത്തിയ കടന്നുകയറ്റം ചെറുക്കാൻ ശക്തമായ നടപടി വേണമെന്നാണ് യുഎന്നിനു മുമ്പാകെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. സിറിയയുടെ അതിർത്തി ഭദ്രതയും പരമാധികാരവും സംരക്ഷിക്കുകയാണ് പ്രധാനമെന്ന് അറബ് രാജ്യങ്ങളും ഇറാനും ആവശ്യപ്പെട്ടു.
ബശാറുല്‍ അസദ് ഭരണകൂടത്തെ പുറന്തള്ളി വിമതവിഭാഗം സിറിയൻ ഭരണം പിടിച്ച സാഹചര്യം മുൻനിർത്തിയാണ് ഇസ്രായേൽ സേന വ്യാപക ആക്രമണവും അധിനിവേശവും നടത്തിയത്.
യുഎൻ സമാധാന സേനയെ പുനർവിന്യസിച്ച് സിറിയൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സേനയെ പുറന്തള്ളണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ അതിർത്തി പ്രവിശ്യകളിൽ കൂടുതൽ സമാധാന സേനയെ വിന്യസിക്കാൻ യുഎൻ നീക്കമാരംഭിച്ചതായും റിപ്പോർട്ടുണ്ട്. പിന്നിട്ട മൂന്ന് നാളുകൾക്കിടെ 480 ആക്രമണങ്ങളാണ് ഇസ്രായേൽ സേന, സിറിയൻ പ്രദേശങ്ങളിൽ നടത്തിയത്. ദമസ്കസ് ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി കപ്പലുകളും ആയുധകേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു.
സിറിയൻ സൈനിക സംവിധാനങ്ങൾക്കു നേരെ ആവശ്യമെങ്കിൽ ഇനിയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞു. അതേസമയം രാജ്യത്ത് സുരക്ഷ ഉറപ്പാക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് സിറിയയിലെ പുതിയ പ്രധാനമന്ത്രി മുഹമ്മദ് അൽ ബഷീർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ ചേക്കേറിയ മുഴുവൻ അഭയാർഥികളെയും തിരിച്ചെത്തിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ഗസ്സയിൽ, ഇസ്രായേലിന്റെ കൂട്ടക്കൊല തുടരുകയാണ്. വടക്കൻ, മധ്യ ഗസ്സകളിൽ ബുധനാഴ്ച നടത്തിയ വ്യോമാക്രമണങ്ങളിൽ 53പേർ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയയിൽ കമാൽ അദ്വാൻ ആശുപത്രിയോട് ചേർന്ന താമസ കെട്ടിടം ബോംബിട്ടു തകർത്തു. നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ താമസ കെട്ടിടത്തിനു മേൽ ബോംബിട്ടപ്പോള്‍ കുടുംബത്തിലെ ഏഴുപേരാണ് കൊല്ലപ്പെട്ടത്.