‘ഫലസ്തീനികളുടെ ആത്മധൈര്യം മറ്റൊരു ജനതക്കും ഉണ്ടാകില്ല, അതിനെ ആർക്കും തകർക്കാനാകില്ല’; അനുഭവങ്ങൾ പങ്കുവെച്ച് മലയാളി മാധ്യമപ്രവർത്തക
ഗസ്സയിലെ ജനങ്ങളോട് സംസാരിക്കുമ്പോൾ നമ്മൾ തകർന്നുപോകുമെന്ന് നസ്റീൻ പറയുന്നു
ഫലസ്തീൻ ജനതയുടെ ആത്മധൈര്യം ലോകത്ത് മറ്റൊരു ജനതക്കും ഉണ്ടാകില്ലെന്ന് ഖലീജ് ടൈംസിലെ മലയാളി മാധ്യമപ്രവർത്തക നസ്റീൻ. കഴിഞ്ഞ നവംബറിൽ റഫ അതിർത്തിയിൽ യുഎഇ വിദേകാര്യ മന്ത്രാലയത്തിന്റെ വിമാനത്തിൽ പോയതിന്റെ അനുഭവങ്ങൾ അവർ മീഡിയവണിനോട് പങ്കുവെച്ചു.
ഗസ്സയിലെ ജനങ്ങളോട് സംസാരിക്കുമ്പോൾ നമ്മൾ തകർന്നുപോകുമെന്ന് നസ്റീൻ പറയുന്നു. ഫലസ്തീൻ ജനതയുടെ ആത്മധൈര്യം ലോകത്ത് മറ്റൊരു ജനതക്കും ഉണ്ടാകില്ല. ഈ ധൈര്യവും ശക്തിയും എങ്ങനെയാണ് ലഭിച്ചതെന്ന് അറിയില്ല. 75 വർഷമായി ഇതാണ് അവർ അനുഭവിക്കുന്നത്. അതായിരിക്കാം എന്തിനെയും നേരിടാനുള്ള ആത്മധൈര്യം അവർക്ക് ലഭിക്കാനുള്ള കാരണം. അതിനെ ഒരാൾക്കും തോൽപ്പിക്കാൻ സാധിക്കില്ല. നമുക്ക് ആലോചിക്കാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നതെന്നും നസ്റീൻ പറയുന്നു.
ഗസ്സയിൽ പരിക്കേറ്റവരെ യുഎഇയിലേക്ക് വിമാനത്തിൽ കൊണ്ടുവരാനുള്ള സംഘത്തോടൊപ്പമാണ് നസ്റീനും റഫയിലെത്തുന്നത്. നല്ല മഴയും തണുപ്പുമുള്ള സമയത്താണ് അവിടെ എത്തുന്നത്. ആ സമയത്ത് എങ്ങനെയാണ് അവിടത്തെ ജനങ്ങൾ ടെന്റുകളിലെല്ലാം താമസിക്കുന്നതെന്ന് ആലോചിച്ചുപോയെന്ന് നസ്റീൻ പറയുന്നു. പരിക്കേറ്റവരുടെ അവസ്ഥ വളരെ ദയനീയമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.