കോവിഡിന് പിന്നാലെ ബ്രിട്ടനെ ആശങ്കയിലാക്കി നോറോ വൈറസ്

കോവിഡിനെ പോലെ തന്നെ വ്യാപന ശേഷി കൂടുതലാണ്.

Update: 2021-07-19 16:18 GMT
Advertising

കോവിഡ്​ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ ബ്രിട്ടനെ ആശങ്കയിലാക്കി നോറോവൈറസ്​ വ്യാപനം. മെയ് മുതല്‍ ഇതുവരെ 154 പേരിലാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ്​ ഇത്രയും പേരില്‍ നോറോ വൈറസ് സ്ഥിരീകരിച്ചത്. കോവിഡിനെ പോലെ തന്നെ വ്യാപന ശേഷി കൂടുതലാണ്. 

നോറ വൈറസിന്‍റെ പ്രധാന​ ലക്ഷണങ്ങൾ ഛർദിയും വയറിളക്കവും വയറുവേദനയുമാണ്​. പനി, ത​ലവേദന, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. വയറിനെയും കുടലിനെയുമാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത്. വൈറസ് ശരീരത്തിലെത്തിയാല്‍ 12-48 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. മൂന്നു ദിവസം വരെ നിലനില്‍ക്കും. ശരീരം വൈറസിനെതിരെ സ്വയം പ്രതിരോധ​ശേഷി ആർജിച്ചേക്കാം. എത്രനാൾ ഈ പ്രതിരോധം​ നിലനിൽക്കുമെന്ന്​ പറയാനാവില്ല.

രോഗബാധിതനായ ഒരാളുമായി നേരിട്ട് ബന്ധം, മലിനമായ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മലിനമായ പ്രതലങ്ങളിൽ സ്പർശിച്ച ശേഷം കഴുകാത്ത കൈ വായിൽ വെയ്ക്കുക എന്നിവയിലൂടെയാണ് നോറോ വൈറസ് പകരുന്നത്. കോവിഡ് വ്യാപനം തടയാന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ തന്നെയാണ് ഇവിടെയും സ്വീകരിക്കേണ്ടത്. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. കൈകള്‍ ഇടയ്ക്കിടെ കഴുകണം. ഭക്ഷണം, മരുന്ന് ഒക്കെ കഴിക്കുന്നതിന് മുന്‍പും മറ്റുള്ളവര്‍ക്ക് നല്‍കും മുന്‍പും കൈകള്‍ വൃത്തിയാക്കണം. ആല്‍കഹോള്‍ അടങ്ങിയ സാനിറ്റൈസറുകളാണ് ഉപയോഗിക്കേണ്ടത്. ലക്ഷണം കണ്ടാല്‍ വീടിനുള്ളില്‍ തന്നെ കഴിയണം. 

പ്രത്യേകമായ ചികിത്സയില്ല. ഛര്‍ദിക്കുമ്പോഴും വയറിളക്കത്തിലൂടെയും ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന ജലാംശം കൂടുതല്‍ വെള്ളം കുടിച്ച് തിരിച്ചുപിടിക്കണം. അങ്ങനെ നിര്‍ജലീകരണം തടയാനാകും.  കൊറോണ വൈറസ് പോലെ തന്നെ നോറോ വൈറസിനും ജനിതക മാറ്റം സംഭവിക്കുന്നു. 

മാസ്‌ക് ഒഴിവാക്കി: കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ച് ബ്രിട്ടൻ

കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി ബ്രിട്ടന്‍. ഇന്ന് മുതലാണ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. അതേസമയം നിയന്ത്രണം ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. 

സ്റ്റേഡിയങ്ങളിലെല്ലാം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. നിശാക്ലബ്ബുകളും പ്രവര്‍ത്തനം തുടങ്ങും. പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സിനും 87.8% ഒരു ഡോസ് വാക്സിനും സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം കഠിനമാകില്ല എന്നാണു സർക്കാരിന്റെ പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എല്ലാം തുറന്നുകൊടുക്കുന്നത്. അതേസമയം ഇനിയും വാക്സിൻ എടുക്കാത്തവർ എത്രയും വേഗത്തിൽ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് ബോറിസ് ജോൺസൺ അഭ്യർഥിച്ചു.

രണ്ട് ഡോസ് വാക്സിനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനു പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസന്‍ ഐസൊലേഷനിലാണ്. ഐസലേഷൻ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റീൻ വേണ്ടെന്നു വയ്ക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. നിലവിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്തോനേഷ്യയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്ത് ബ്രിട്ടനാണ്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News