വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ, ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പറന്നത് 1500 കിലോമീറ്റര്‍
ചെറിയ ഇടവേളയ്ക്കു ശേഷം ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ പുനഃരാരംഭിച്ചത് ലോകാരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്.
ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് പരീക്ഷണ പറക്കല്‍ നടത്തിയതെന്നും, ഉത്തരകൊറിയയുടെ കടലിന് മുകളിലൂടെ 1500 കിലോമീറ്റര്‍ ദൂരം മിസൈലുകള്‍ സഞ്ചരിച്ചതായും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്ത്രപരമായ ആയുധം എന്നാണ് മാധ്യമങ്ങള്‍ മിസൈല്‍ പരീക്ഷണത്തെ വിശേഷിപ്പിച്ചത്. ഇത് ഉത്തര കൊറിയയുടെ ആയുധ സാങ്കേതികവിദ്യയില്‍ ശ്രദ്ധേയമായ മുന്നേറ്റം കൊണ്ടുവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്ക ഉത്തര കൊറിയക്കുമേല്‍ നടത്തുന്ന ഉപരോധങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും മറുപടി ആയാണ് മിസൈല്‍ പരീക്ഷണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉത്തരകൊറിയന്‍ ഭരണകൂടം തയ്യാറായിട്ടില്ല. എന്നാല്‍ ചെറിയ ഇടവേളയ്ക്കു ശേഷം ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ പുനഃരാരംഭിച്ചത് ലോകാരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഉത്തര കൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്കും അന്താരാഷട്ര സമൂഹത്തിനും ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു.