മെർക്കൽ യുഗത്തിന് അന്ത്യം; ജർമനിയെ ഇനി ഒലാഫ് ഷൂൾസ് നയിക്കും
ഒന്നര പതിറ്റാണ്ട് നീണ്ട മെർക്കൽ യുഗത്തിന് ഔദ്യോഗികമായി അന്ത്യമാകുന്നതോടെ ഏറെക്കാലത്തിനുശേഷം ഇടത് ആഭിമുഖ്യമുള്ള ഒരു സർക്കാരാണ് ജർമനിയിൽ അധികാരത്തിലേറാനിരിക്കുന്നത്
ജർമനിയിൽ ഒന്നര പതിറ്റാണ്ട് നീണ്ട ആംഗെല മെർക്കൽ യുഗത്തിന് ഔദ്യോഗികമായി അന്ത്യം. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ(എസ്പിഡി) ഒലാഫ് ഷൂൾസ് ഇനി ജർമനിയിലെ നയിക്കും. പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിയുമായി സഖ്യകരാറിൽ ഒപ്പുവച്ചതോടെയാണ് എസ്പിഡി സർക്കാർ അധികാരത്തിലേറുമെന്ന് ഉറപ്പായത്. ഷൂൾസിനെ പുതിയ ചാൻസലറായി നാളെ ജർമൻ പാർലമെന്റ് ഔദ്യോഗികമായി തെരഞ്ഞെടുക്കും.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മെർക്കലിന്റെ സിഡിയു-സിഎസ്‌യു കൺസർവേറ്റീവ് സഖ്യമായിരുന്നു വലിയ ഒറ്റ കക്ഷി. എന്നാൽ, സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇതോടെയാണ് സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കം സോഷ്യൽ ഡെമോക്രാറ്റുകൾ ആരംഭിച്ചത്. പുതിയ സർക്കാർ രൂപീകരിക്കുംവരെ മെർക്കൽ കാവൽ ചാൻസലറായും തുടർന്നു.
നവ ഉദാരവാദികളായ ഫ്രീ ഡെമോക്രാറ്റിക് പാർട്ടി(എഫ്ഡിപി) നേരത്തെ തന്നെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ, സർക്കാർ രൂപീകരണത്തിന് അതു മതിയായിരുന്നില്ല. തുടർന്നാണ് ഗ്രീൻ പാർട്ടിയുമായി കഴിഞ്ഞ ദിവസങ്ങളിൽ സഖ്യചർച്ച ആരംഭിച്ചത്.
ചുമതലയേറ്റെടുക്കുന്നതോടെ 1949നുശേഷമുള്ള ഒൻപതാമത്തെ ചാൻസലറാകും ഒലാഫ് ഷൂൾസ്. മധ്യ ഇടതുപക്ഷ കക്ഷിയാണ് എസ്ഡിപി. ഏറെകാലത്തിനുശേഷം ഇടത് ആഭിമുഖ്യമുള്ള ഒരു മുന്നണി ജർമനിയുടെ അധികാരത്തിലെത്തുന്ന സവിശേഷതയുമുണ്ട്. സ്വയം ഫെമിനിസ്റ്റെന്നു വിശേഷിപ്പിക്കുന്നയാളാണ് ഷൂൾസ്. രാജ്യത്തെ ആദ്യ ലിംഗസമത്വ മന്ത്രിസഭയായിരിക്കും അധികാരത്തിലേറാനിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിർബന്ധിത വാക്‌സിനേഷൻ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: Germany's Parliament will officially elect center-left Social Democrats' Olaf Scholz tomorrow as the country's next Chancellor, bringing the curtain down on Angela Merkel's 16-year reign.