ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ അതിവേഗം പടരുന്നു; ആശങ്ക
കർണാടകയിൽ രണ്ട് പുരുഷന്മാർക്കാണ് രോഗം കണ്ടെത്തിയത്
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ അതിവേഗം പടരുന്നു. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ് ദക്ഷിണാഫ്രിക്കയിൽ ബുധനാഴ്ച പുതിയതായി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 4,300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച കേസുകളുടെ എണ്ണം 8,500 ആയി ഉയർന്നു.
നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നാലെ വിവിധ രാജ്യങ്ങളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇന്ന് ഇന്ത്യയിലും രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ രണ്ട് പുരുഷന്മാർക്കാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയടക്കം 30 രാജ്യങ്ങളിൽ വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.
ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരുടെ വിവരങ്ങൾ കൈമാറാൻ വിമാനക്കമ്പനികളോട് അമേരിക്കൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപുണ്ടായ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് കൂടുതൽ വ്യാപന ശേഷിയുണ്ടെന്നാണ് പ്രാഥമിക സൂചനകൾ. രോഗ പ്രതിരോധ ശേഷിയെ കുറച്ചൊക്കെ അതിജീവിക്കാൻ ഒമിക്രോണിന് സാധിക്കും. എങ്കിലും നിലവിലുള്ള വാക്സിനുകൾക്ക് രോഗം ഗുരുതരമാകുന്നതിനെയും മരണത്തെയും ഒഴിവാക്കാൻ സാധിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.