ഒരാഴ്ച കൊണ്ട് കിയവ് കീഴടക്കാനെത്തിയ റഷ്യ; ഒരു വര്‍ഷമായിട്ടും അവസാനിക്കാതെ യുക്രൈന്‍ യുദ്ധം

അമേരിക്കക്ക് തന്നെയാണ് ഈ യുദ്ധത്തിൽ വലിയ നേട്ടമുണ്ടായത്

Update: 2023-02-24 02:21 GMT
Advertising

കിയവ്: റഷ്യ - യുക്രൈൻ യുദ്ധം ഒരു വർഷം തികയുകയാണ്. അനേകം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് പേരുടെ പലായനത്തിനും യുദ്ധം വഴിയൊരുക്കി. ലോകത്താകെ സാമ്പത്തിക പ്രതിസന്ധിക്കും യുദ്ധം കാരണമായി. ഒരാഴ്ച കൊണ്ട് കിയവ് കീഴടക്കാം എന്നായിരുന്നു റഷ്യയുടെ കണക്കുകൂട്ടലെങ്കിൽ ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ റഷ്യക്ക് കഴിഞ്ഞിട്ടില്ല.

2022 ഫെബ്രുവരി 24ന് വ്ളാദിമിർ പുടിന്റെ പ്രഖ്യാപനം വന്നതോടെ യുക്രൈനിലുടനീളം റഷ്യ ആക്രമണം തുടങ്ങി. ഹാസ്യകഥാപാത്രം എന്ന തലത്തിൽ നിന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കി യുദ്ധനായകനിലേക്കുയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അമേരിക്കയിലേക്ക് വരാൻ വിമാനം അയക്കാമെന്ന് ബൈഡൻ ഭരണകൂടം സെലൻസ്കിയോട് പറഞ്ഞു. വിമാനമല്ല ആയുധങ്ങൾ നൽകൂ എന്ന് സെലൻസ്കി മറുപടി നല്‍കി.

റഷ്യൻ സൈന്യം കിയവ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും സാധാരണക്കാരെ അണിനിരത്തി യുക്രൈൻ പ്രതിരോധിച്ചു. കരയുദ്ധത്തിൽ റഷ്യയുടെ പട്ടാളം തോറ്റു പിൻവാങ്ങി. പിന്നെയായിരുന്നു യുക്രൈനിലെ വൻനഗരങ്ങളിലുടനീളം റഷ്യയുടെ കനത്ത വ്യോമാക്രമണം. നിരവധി പേര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിന്റെ കാഴ്ചയും ലോകം കണ്ടു. 

40 ലക്ഷത്തിലധികം പേരാണ് അയൽ രാജ്യമായ പോളണ്ടുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഓടിപ്പോയത്. തെക്കു-കിഴക്കൻ യുക്രൈന്‍റെ ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കാനായിരുന്നു പിന്നീട് പുടിന്റെ ശ്രമം. ക്രൈമിയയിലേക്ക് കരമാർഗം സഞ്ചരിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. ഈ വഴിയിലെ പ്രധാന തടസ്സമായ മരിയുപോളിനെ റഷ്യ തകർത്ത് തരിപ്പണമാക്കി. നവനാസികളെന്ന് റഷ്യ വിളിക്കുന്ന അസവ് ബറ്റാലിയന്‍റെ ആസ്ഥാനം കൂടിയായിരുന്നു ഈ തീരനഗരം.

തെക്കു കിഴക്കൻ യുക്രൈനിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ നാലു പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുമെന്ന പുടിന്റെ പ്രഖ്യാപനമാണ് പിന്നീട് വന്നത്. വലിയ ആഘോഷത്തോടെ കൂട്ടിച്ചേർക്കൽ ചടങ്ങ് നടന്നെങ്കിലും അതിവേഗം യുക്രൈൻ തിരിച്ചടിച്ചു. ഖഴ്സൻ നഗരത്തിൽനിന്നു റഷ്യ പിന്തിരിഞ്ഞോടി. ഖാർഖിവ് അടക്കമുള്ള മറ്റു പ്രധാന കേന്ദ്രങ്ങളും റഷ്യക്ക് നഷ്ടമായി.

അമേരിക്കയും മറ്റു നാറ്റോ രാജ്യങ്ങളും വൻതോതിൽ നൽകിയ ആയുധങ്ങൾ തന്നെയായിരുന്നു യുക്രൈന് കരുത്ത്. ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് കിയവിലെത്തി സഹായവും പിന്തുണയും നൽകി. അമേരിക്കക്ക് തന്നെയാണ് ഈ യുദ്ധത്തിൽ വലിയ നേട്ടമുണ്ടായത്. യൂറോപ്പിനെയും നാറ്റോ അംഗ രാജ്യങ്ങളെയും തങ്ങളുടെ ചേരിയിൽ ഉറപ്പിച്ചുനിർത്താനായി എന്നതുതന്നെ പ്രധാന നേട്ടം. ഊർജമേഖലയിലടക്കം റഷ്യയെ ആശ്രയിക്കുന്നത് യൂറോപ്പ് അവസാനിപ്പിച്ചു.

തങ്ങളുടെ അതിർത്തിയിൽ നാറ്റോയ്ക്ക് ഒരു താവളമുണ്ടാകുന്നത് തടയുക എന്നതായിരുന്നു യുക്രൈനെ ആക്രമിക്കുന്നതിൽ റഷ്യയുടെ പ്രധാന ലക്ഷ്യം. പക്ഷേ ഇപ്പോൾ അതിനേക്കാൾ വലിയ തിരിച്ചടിയാണ് റഷ്യ നേരിടുന്നത്. ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഫിൻലൻഡ് നാറ്റോയിലെത്തിയാൽ യുക്രൈനേക്കാൾ വലിയ ഭീഷണിയാകും റഷ്യക്ക്. കാരണം റഷ്യയുമായി ഫിൻലൻഡ് 1,340 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

മധ്യസ്ഥ റോളിലെത്തി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും നേട്ടമുണ്ടാക്കി. സാമ്പത്തിക രംഗത്ത് യുക്രൈൻ യുദ്ധം ഈ ഒരു വർഷത്തിനിടെ ഏൽപ്പിച്ച പരിക്ക് ചെറുതല്ല. ഊർജത്തിനും ഭക്ഷ്യസാധനങ്ങൾക്കുമുള്ള വില ലോകത്താകെ കുത്തനെ ഉയർന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ പട്ടിണി ഇരട്ടിയായി. സാമ്പത്തിക മാന്ദ്യഭീഷണിയുണ്ടെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈന് നൽകുന്ന വലിയ ആയുധ സഹായത്തിൽ റഷ്യ കടുത്ത അമർഷത്തിലാണ്. അമേരിക്കയുമായുള്ള ആണവക്കരാർ റഷ്യ കഴിഞ്ഞ ദിവസം റദ്ദാക്കി. ഒടുവിലത്തെ ആയുധമെന്ന നിലക്ക് ആണവായുധങ്ങൾ റഷ്യ പുറത്തെടുക്കുമോ എന്ന ആശങ്കയും ശക്തമാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News