ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ ആസ്തി മഹാമാരി കാലത്ത് ഇരട്ടിയായി വർധിച്ചു;16 കോടിയിലധികം പേർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു
വൈറസ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതം നേരിടുന്നതിന് സർക്കാരുകൾ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലൂടെ സമ്പന്നർ വീണ്ടും പണക്കാരായി മാറിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു
ലോകത്തെ ആദ്യ പത്തു സമ്പന്നരുടെ ആസ്തി കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ട്. ഓഹരികളിലും വസ്തുവകകളിലും ഉണ്ടായ മുന്നേറ്റമാണ് ഇവരുടെ ആസ്തിയുടെ മൂല്യം വർധിപ്പിച്ചതെന്ന് ഓക്‌സ്ഫാമിന്റെ പഠനറിപ്പോർട്ടിൽ പറയുന്നു. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർധിക്കുന്നതിന്റെ സൂചനായാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് കാലത്ത് ഉണ്ടായ സാമ്പത്തിക നേട്ടങ്ങൾക്ക് മേൽ സ്വത്ത് നികുതി ഏർപ്പെടുത്താൻ സർക്കാരുകളോട് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഒറ്റത്തവണയായി 99 ശതമാനം നികുതി ചുമത്താനാണ് ആവശ്യപ്പെടുന്നത്. മഹാമാരി കാലത്ത് 16 കോടിയിൽപ്പരം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. എന്നാൽ വൈറസ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതം നേരിടുന്നതിന് സർക്കാരുകൾ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലൂടെ സമ്പന്നർ വീണ്ടും പണക്കാരായി മാറിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2030 തോടെ, പ്രതിദിനം അഞ്ചര ഡോളറിൽ താഴെ വരുമാനവുമായി ജീവിക്കുന്നവരുടെ എണ്ണം 330 കോടിയായി ഉയരും. മഹാമാരി കാലത്ത് ലോക ജനസംഖ്യയുടെ 99 ശതമാനം ആളുകളുടെയും വരുമാനം കുറഞ്ഞു. എന്നാൽ ടെസ്ല കമ്പനിയുടെ ഉടമസ്ഥനായ ഇലോൺ മസ്‌ക് ഉൾപ്പെടെ പത്തു സമ്പന്നരുടെ വരുമാനം വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിദിനം 130 കോടി ഡോളറായാണ് ഇവരുടെ വരുമാനം വർധിച്ചത്.