'താങ്കൾ പ്രധാനമന്ത്രി അല്ലാതിരുന്നപ്പോൾ പാകിസ്താൻ മികച്ച രാജ്യമായിരുന്നു'; ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാൻ ഖാൻ താൻ രാജിവെയ്ക്കില്ലെന്നും അവസാന ബോൾ വരെ പൊരുതുമെന്നും വ്യക്തമാക്കിയിരുന്നു.
ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഭാര്യ രഹം ഖാൻ. ഇമ്രാൻ ഖാൻ സൃഷ്ടിച്ച മാലിന്യം ശുദ്ധീകരിക്കാൻ പാകിസ്താനിലെ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുതിയ പാകിസ്താൻ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2018ൽ ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയത്. പക്ഷെ വസ്തുക്കളുടെ വിലനിയന്ത്രണത്തിൽ പോലും ദയനീയമായി പരാജയപ്പെട്ട ഇമ്രാൻ തന്റെ സർക്കാരിന് കാര്യക്ഷമതയില്ലെന്ന് വിമർശിക്കാൻ പ്രതിപക്ഷത്തിന് അവസരമൊരുക്കുകയായിരുന്നുവെന്ന് രഹം ഖാൻ പറഞ്ഞു
''ഇമ്രാൻ ചരിത്രമാകുന്നു!! പുതിയ പാകിസ്താൻ അവശേഷിപ്പിക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണമെന്ന് ഞാൻ കരുതുന്നു''-രഹം ഖാൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാൻ ഖാൻ താൻ രാജിവെയ്ക്കില്ലെന്നും അവസാന ബോൾ വരെ പൊരുതുമെന്നും വ്യക്തമാക്കിയിരുന്നു. ''എന്നോട് രാജിവെയ്ക്കണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. ഞാൻ രാജിവെയ്ക്കുകയോ? 20 വർഷം ക്രിക്കറ്റ് കളിച്ച ആളാണ് ഞാൻ. അവസാന ബോളുവരെ ഞാൻ കളിയ്ക്കും. ഞാൻ ജീവിതത്തിൽ ഒരിക്കലും കൈവിട്ടിട്ടില്ല. അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽ എന്ത് സംഭവിച്ചാലും അതിനു ശേഷം ഞാൻ കൂടുതൽ ശക്തനാവുന്നത് നിങ്ങൾക്ക് കാണാം''- ഇമ്രാൻ പറഞ്ഞു.
അമേരിക്കക്കെതിരെയും രൂക്ഷ വിമർശനമാണ് ഇമ്രാൻ ഉന്നയിച്ചത്. സർക്കാരിനെ അട്ടിമറിയ്ക്കാനുള്ള നീക്കത്തിന് പിന്നിൽ അമേരിക്കയാണ്. പ്രതിപക്ഷത്തിന് അമേരിക്കയെ ഭയമാണ്. താൻ തുടർന്നാൽ പാകിസ്താന് തിരിച്ചടിയാകുമെന്ന് എംബസി വഴി അമേരിക്ക ഭീഷണിപ്പെടുത്തി. പാകിസ്താന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യു.എസ് വിരുദ്ധമോ അല്ലെന്നും ഇമ്രാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയ ചർച്ച നടക്കാനിരിക്കെ പാകിസ്താൻ ദേശീയ അസംബ്ലി ഏപ്രിൽ മൂന്നുവരെ പിരിയുകയായിരുന്നു. വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്. പ്രമേയത്തിലുള്ള ചർച്ച ഞായറാഴ്ച നടന്നേക്കും. അവിശ്വാസപ്രമേയം പിൻവലിക്കുന്നതിന് പ്രതിപക്ഷവുമായി ഒരു ധാരണയിലെത്താൻ ഇമ്രാൻ ഖാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രമേയത്തിൽ നടക്കേണ്ട ചർച്ച ഞായറാഴ്ചത്തേക്ക് മാറ്റിയത്.