ഫലസ്തീൻ: ടെക് ലോകത്തെ മുസ്‍ലിംകൾ അസ്വസ്ഥരാണ് -സാം ആൾട്ട്മാൻ

‘പ്രതികാര നടപടിയുണ്ടാകുമോ എന്ന ഭയവും ജോലി സാധ്യതകൾ ഇല്ലാതാകുമോ എന്നതുമാണ് കാരണം’

Update: 2024-01-05 14:54 GMT
Advertising

ടെക് ലോകത്തെ മുസ്ലീം, അറബ് അംഗങ്ങൾ അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ അസ്വസ്ഥരാണെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു ആൾട്ട്മാന്റെ പ്രസ്താവന.

താൻ സംസാരിച്ച ടെക് സമൂഹത്തിലെ മുസ്ലീം, അറബ് (പ്രത്യേകിച്ച് ഫലസ്തീൻ) സഹപ്രവർത്തകർക്ക് അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ അസ്വസ്ഥത തോന്നുകയാണെന്ന് സാം ആൾട്ട്മാൻ സാമൂഹിക മാധ്യമമായ ‘എക്സി’ൽ കുറിച്ചു. പലപ്പോഴും പ്രതികാര നടപടിയുണ്ടാകുമോ എന്ന ഭയവും ജോലി സാധ്യതകൾ ഇല്ലാതാകുമോ എന്നതുമാണ് ഇതിന് കാരണമാകുന്നത്. ഇവരോട് സഹാനുഭൂതിയോടെ പെരുമാറാനും ടെക് മേഖലയിലുള്ളവരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ജൂത സമൂഹത്തിന്റെ അനുഭവങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ഒരാൾ ചോദിച്ചപ്പോൾ അതിനും ആൾട്ട്മാൻ മറുപടി നൽകി. ‘ഞാൻ ജൂതമതക്കാരനാണ്. ജൂതവിരുദ്ധത ലോകത്തിലെ പ്രധാനപ്പെട്ടതും വളരുന്നതുമായ പ്രശ്നമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഞങ്ങളുടെ മേഖലയിലെ ഒരുപാട് ആളുകൾ ഇക്കാര്യത്തിൽ എനിക്കൊപ്പം നിലകൊള്ളുന്നുണ്ട്, അത് ഞാൻ വളരെയധികം വിലമതിക്കുന്നു. പക്ഷെ, മുസ്ലീംകളുടെ കാര്യത്തിൽ അത് കുറവുള്ളതായാണ് ഞാൻ കാണുന്നത്’ -സാം ആൾട്ട്മാൻ മറുപടി നൽകി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പ്രമുഖ കമ്പനിയാണ് ​ഓപൺ എഐ. 2019 മുതൽ കമ്പനിയുടെ സിഇഒ ആണ് സാം ആൾട്ട്മാൻ. കഴിഞ്ഞ നവംബറിൽ തൽസ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചെടുത്തു. സാം ആൾട്ട്മാന്റെ നേതൃത്വത്തിൽ ചാറ്റ് ജിപിടിയെ അവതരിപ്പിച്ചാണ് ഓപൺ എഐ വിപ്ലവം സൃഷ്ടിക്കുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News