രണ്ടുമണിക്കൂർ യാത്രക്ക് വിമാനം പറന്നത് ഏഴുമണിക്കൂർ; ഒടുവിൽ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചിറക്കി
335 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്
ടോക്കിയോ: 300 ലധികം യാത്രക്കാരെ ഏഴുമണിക്കൂർ മുൾമുനയിൽ നിർത്തി ജപ്പാനീസ് ആഭ്യന്തര വിമാനം. ജപ്പാൻ എയർലൈൻസ് കമ്പനി ഫ്‌ലൈറ്റ് ജെഎൽ 331, ടോക്കിയോയിലെ ഹനേഡ എയർപോർട്ടിൽ നിന്ന് ഫുകുവോക്കയിലേക്കാണ് പുറപ്പെട്ടത്. ഏകദേശം രണ്ടുമണിക്കൂർ യാത്രയാണ് ഫുകുവോയിലേക്കുള്ളത്. ഞായറാഴ്ച 6.30 ന് പുറപ്പെടേണ്ട വിമാനം 90 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.
രാവിലെ ഹനേദയിൽ ഉണ്ടായ ശക്തമായ കാറ്റ് നഗരത്തിലേക്കുള്ള മറ്റ് വിമാന സർവീസുകളെയും ബാധിച്ചിരുന്നു. അത് വിമാനസർവീസുകളുടെ സമക്രമത്തിൽ മാറ്റം വരുത്തി. ഇതോടെ വിമാനത്തിന് ലാന്റ് ചെയ്യാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് അടുത്തുള്ള നഗരമായ കിറ്റാക്യുഷുവിൽ വിമാനം ലാന്റ് ചെയ്യാൻ തീരുാനിച്ചു. എന്നാൽ 335 യാത്രക്കാർക്ക് വേണ്ട ബസ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആ പദ്ധതിയും ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് 450 കിലോമീറ്റർ അകലെ ഒസാക്കയ്ക്ക് സമീപമുള്ള കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും രാത്രി 10:59 ന് ലാൻഡ് ചെയ്തു.എന്നാൽ ഇത്രയും യാത്രക്കാർക്ക് ആവശ്യത്തിന് ബസുകളോ ഹോട്ടൽ താമസസൗകര്യമോ അവിടെ ലഭ്യമായിരുന്നില്ല. ഇതോടെ വിമാനം തിങ്കളാഴ്ച പുലർച്ചെ വീണ്ടും ടോകിയേയിലേക്ക് തിരിച്ച് പറക്കുകയായിരുന്നു.
ഒടുവിൽ ഏഴ് മണിക്കൂറത്തെ ആശങ്കക്കും അനിശ്ചിതത്വത്തിനുമൊടുവിൽ വിമാനം പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചിറക്കി. തിങ്കളാഴ്ച പുലർച്ചെ 2.44 ന് ജപ്പാന്റെ തലസ്ഥാനത്ത് തിരിച്ചെത്തിയത്.
മോശം കാലാവസ്ഥയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന്ഫുകുവോക്ക എയർപോർട്ട് ഉദ്യോഗസ്ഥർ ആസാഹി ഷിംബൺ മാധ്യമങ്ങളോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.