കെട്ടിടത്തിലേക്ക് വിമാനമിടിച്ചിറങ്ങി; പൈലറ്റായിരുന്ന ശതകോടീശ്വരനടക്കം എട്ടുപേർ കൊല്ലപ്പെട്ടു

ഹൈപ്പർ മാർക്കറ്റ്-മാൾ ശൃംഖലയുടെയും വമ്പൻ കൺസ്ട്രക്ഷൻ കമ്പനിയുടെയും ഉടമയാണ് കൊല്ലപ്പെട്ട 68 കാരനായ ഡാൻ പെട്രെസ്‌ക്യൂ

Update: 2021-10-04 08:03 GMT
Advertising

വടക്കൻ ഇറ്റലിയിൽ കെട്ടിടത്തിലേക്ക് വിമാനമിടിച്ചിറങ്ങി പൈലറ്റായ ശതകോടീശ്വരനടക്കം യാത്രക്കാരായ എട്ടുപേർ കൊല്ലപ്പെട്ടു. റോമാനിയൻ ശതകോടീശ്വരൻ ഡാൻ പെട്രെസ്‌ക്യൂവും അദ്ദേഹത്തിന്റെ ഭാര്യയായ ഫ്രഞ്ച് പൗരത്വമുള്ള 65 കാരിയും 30 കാരനായ മകൻ ഡാൻ സ്‌റ്റെഫാനേയും മറ്റൊരു കുട്ടിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

ഞായറാഴ്ച സർദീനിയാ ഐലൻറിലേക്ക് മിലാനിലെ ലിനൈറ്റ് സിറ്റി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.

ഹൈപ്പർ മാർക്കറ്റ്-മാൾ ശൃംഖലയുടെയും വമ്പൻ കൺസ്ട്രക്ഷൻ കമ്പനിയുടെയും ഉടമയാണ് കൊല്ലപ്പെട്ട 68 കാരനായ ഡാൻ പെട്രെസ്‌ക്യൂ.

മിലാനടുത്തുളള സാൻഡൊനാട്ടോയിലെ മെട്രോ സ്‌റ്റേഷന് പുറത്താണ് അപകടം നടന്നത്. അപകടശേഷമുണ്ടായ തീയിലും പുകയിലും സമീപത്ത് നിർത്തിയിട്ട നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ മറ്റു അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പി.സി. 12 എന്ന സിംഗിൾ എൻജിൻ എക്‌സിക്യൂട്ടീവ് വിമാനമാണ് തകർന്നതെന്ന് ഇറ്റാലിയൻ വാർത്ത ഏജൻസി എ.എൻ.എസ്.എ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News