‘പുൽക്കൂട്ടിലെ കഫിയയിൽ ഉണ്ണി യേശു’; ഫലസ്തീനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

‘യുദ്ധങ്ങളും ആക്രമണവും മതിയാക്കണമെന്നും ക്രിസ്മസിന് മുമ്പ് രാജ്യങ്ങളിൽ വെടിനിർത്തൽ ഉറപ്പാക്കണമെന്നും മാർപ്പാപ്പ പറഞ്ഞു

Update: 2024-12-09 05:30 GMT
Editor : സനു ഹദീബ | By : Web Desk

കഫിയയിൽ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ രൂപം

Advertising

ഫലസ്തീനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാൻ സിറ്റിയിൽ പൂൽക്കൂട്ടിൽ കഫിയയിൽ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ രൂപം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മാർപ്പാപ്പ ഫലസ്തീനിലെ സമാധാനത്തിനായി സംസാരിച്ചത്. ‘യുദ്ധങ്ങളും ആക്രമണവും മതി’എന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഈ വർഷത്തെ നേറ്റിവിറ്റി സീനും ക്രിസ്മസ് ട്രീയും സമ്മാനിച്ച പ്രതിനിധി സംഘത്തെ സ്വീകരിക്കവെയായിരുന്നു പോപ്പിന്റെ ആഹ്വാനം. ‘നേറ്റിവിറ്റി ഓഫ് ബെത്‌ലഹേം 2024’ന്റെ ഉദ്ഘാടന ചടങ്ങിൽ ഫലസ്തീനിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. ഒലിവ് മരങ്ങളിൽ തീർത്ത പുൽക്കൂട്ടിലാണ് വെള്ളവസ്ത്രങ്ങൾക്കുപകരം ഉണ്ണിയേശുവിനെ കഫിയയിൽ കിടത്തിയിരിക്കുന്നത്.

ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ് കഫിയ. ക്രിസ്മസിന് മുമ്പ് യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിൽ വെടിനിർത്തൽ ഉറപ്പാക്കണമെന്നും മാർപ്പാപ്പ ലോകനേതാക്കളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർത്ഥിച്ചു.

‘യുക്രൈനിലും, പശ്ചിമേഷ്യയിലും ഫലസ്തീനിലും, ഇസ്രായേലിലും, ലെബനാനിലും, ഇപ്പോൾ സിറിയയിലും മ്യാൻമറിലും, സുഡാനിലും കൂടാതെ എവിടെയൊക്കെ ആളുകൾ യുദ്ധവും അക്രമവും മൂലം പീഡിതരാകുന്നോ അവിടെയെല്ലാം നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം,’ മാർപാപ്പ പറഞ്ഞു.

ഒക്‌ടോബർ 7 ലെ ആക്രമണത്തിൽ ബന്ദികളാക്കിയവരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലിനും പിന്തുണ നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News