ഗസ്സയില്‍ താൽക്കാലിക വെടിനിർത്തലിന് സാധ്യത; ആന്‍റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലിൽ
ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് വൈകീട്ട് യുദ്ധവുമായി ബന്ധപ്പെട്ടു സുപ്രധാന പ്രഖ്യാപനം നടത്തുമെന്നു വിവരമുണ്ട്
ഗസ്സ സിറ്റി: യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ താൽക്കാലിക വെടിനിർത്തലിന് ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലിൽ എത്താനിരിക്കെ, ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ലബനാൻ അതിർത്തിയിൽ ആക്രമണം കൂടുതൽ ശക്തമായിരിക്കെ, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് വൈകീട്ട് സുപ്രധാന പ്രഖ്യാപനം നടത്തും. അതേസമയം, ഗസ്സ നഗരത്തെ പൂർണമായും വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
അമേരിക്കയുടെ അഭ്യർഥന മാനിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് അനുമതി നൽകിയേക്കുമെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ സൂചിപ്പിക്കുന്നു. ഗസ്സയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം നിർത്തിയിരിക്കെ, ഗസ്സയിലേക്ക് ഇന്ധനം എത്തിക്കാൻ ഇസ്രായേലിനെ അമേരിക്ക പ്രേരിപ്പിച്ചേക്കും . ഇസ്രായേലിൽ എത്തുന്ന ആൻറണി ബ്ലിങ്കന്‍ ജോർദാൻ നേതാക്കളുമായും ചർച്ച നടത്തും. ഗസ്സയിൽ തുടരുന്ന കുരുതി അമേരിക്കൻ അനുകൂല രാജ്യങ്ങളെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
അതിനിടെ, ഗസ്സ നഗരം പൂർണമായും വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. ജെനിൻ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് വെളുപ്പിനും തുടർന്നു. ബന്ദികളുടെ മോചനവും ഹമാസിനെ അമർച്ച ചെയ്യലും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. എന്നാൽ, അജയ്യമായ പ്രതിരോധം തുടരുമെന്നും ഇസ്രായേലിന്‍റെ കുരുതിക്ക് പകരംചോദിക്കുമെന്നും ഹമാസ് വ്യക്തമാക്കി. കരയുദ്ധത്തിൽ ഇതിനകം 20 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
ഗസ്സ ആക്രമണം തുടർന്നാൽ യുദ്ധവ്യാപ്തി ഉറപ്പാണെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നഗരമായ കിർയത് ഷ്മോനക്കു നേരെ ഇന്നലെ ലബനാനിൽ നിന്നുള്ള ഹമാസിന്‍റെ മിസൈല്‍ ആക്രമണം നടന്നു. 12 മിസൈലുകൾ പ്രദേശത്ത് പതിച്ചു. രണ്ട് ഇസ്രായേലികൾക്ക് പരിക്കുണ്ട്. ലബനാൻ ഷെബഫാമിലെ വടക്കൻ സൈനിക പോസ്റ്റുകൾക്കുനേരെ ഹിസ്ബുല്ലയും ആക്രമണം നടത്തി. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ ഇന്ന് നടക്കുന്ന പ്രഖ്യാപനം യുദ്ധഗതിയെ മാറ്റിമറിച്ചേക്കും. ഗസ്സക്കപ്പുറത്തേക്ക് യുദ്ധം വ്യാപിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നാണ് പെൻറഗൺ പറയുന്നത്. ഇസ്രായേലിൽ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചതായി ബഹ്റൈൻ പാർലമെന്‍റ് അറിയിച്ചു. എന്നാൽ, തങ്ങൾക്ക് ഇക്കാര്യത്തിൽ വിവരമൊന്നുമില്ലെന്നാണ് ഇസ്രായേലിന്‍റെ പ്രതികരണം.
Summary: Possible temporary ceasefire in Gaza; Antony Blinken is in Israel today