ചപ്പാത്തി പരത്തി വില്യം രാജകുമാരനും കെയ്റ്റ് മിഡിൽടണും; രാജദമ്പതികളുടെ വിഡിയോ വൈറൽ
സ്‌കോട്ട്‌ലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘമായ സിഖ് സഞ്ചോഗിന്റെ സാമൂഹികപ്രവർത്തനത്തിന്റെ ഭാഗമാകാനെത്തിയതായിരുന്നു ഇരുവരും
രാജവാഴ്ചയുടെ കാലം കഴിഞ്ഞു പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും രാജകുടുംബാംഗങ്ങളുടെ കൊച്ചുകൊച്ചുകാര്യങ്ങൾ പോലും ഇപ്പോഴും ആളുകൾക്ക് കൗതുക വാർത്തയാണ്. പ്രത്യേകിച്ചും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിശേഷങ്ങൾ. അക്കൂട്ടത്തിൽ മുൻനിരയിലുള്ള 'താര'ദമ്പതികളാണ് വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡിൽടണും. ഇപ്പോൾ ചപ്പാത്തി പരത്തിയാണ് ദമ്പതികൾ വാർത്തയിൽ നിറയുന്നത്.
എന്നാൽ, വെറുതെ സ്വന്തം വീട്ടിലെ അടുക്കളയിൽ കയറി ചപ്പാത്തിയും കറിയുമുണ്ടാക്കിയതല്ല ഇപ്പോൾ വാർത്ത. ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇരുവരും ഏപ്രണണിഞ്ഞത്. സ്‌കോട്ട്‌ലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന സിഖ് ജീവകാരുണ്യ സംഘമായ സിഖ് സഞ്ചോഗിന്റെ സാമൂഹികപ്രവർത്തനത്തിന്റെ ഭാഗമായായിരുന്നു ഇത്. എഡിൻബർഗ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലെ അടുക്കളയിലായിരുന്നു കഴിഞ്ഞ ദിവസം വില്യമും കെയ്റ്റുമെത്തിയത്.
കോവിഡിനെ തുടർന്നുള്ള ലോക്ഡൗണിൽ കഷ്ടപ്പെടുന്ന എഡിൻബർഗിലെ പാവപ്പെട്ട കുടുംബങ്ങൾക്കു വേണ്ടി ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സംഘത്തോട് ഐക്യദാർഢ്യമറിയിക്കാനെത്തിയതായിരുന്നു ഇരുവരും. അടുക്കളയായതുകൊണ്ട് രണ്ടുപേരും പകച്ചുനിന്നതൊന്നുമില്ല. ചപ്പാത്തിയെങ്കിൽ ചപ്പാത്തി, ഒരു കൈ നോക്കാമെന്നായി. ആദ്യം ഉരുളയുണ്ടാക്കി; ഓക്കെയാണ്. പതുക്കെ ഉരുള പരത്തി നോക്കിയപ്പോൾ, അതും പെർഫെക്ട് ഓക്കെ. എല്ലാം കഴിഞ്ഞ് ചപ്പാത്തിക്കുവേണ്ടി തയാറാക്കുന്ന കറിയിലും ഒരു കൈ നോക്കി ഇരുവരും.
വിഡിയോ ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ലോക്ക്ഡൗണിൽ ആഴ്ചയിൽ രണ്ടു തവണ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് സിഖ് സഞ്ചോഗ് ഭക്ഷണമെത്തിക്കുന്ന കാര്യവും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ആത്മവിശ്വാസവും വിവിധ തൊഴിൽശേഷികളുമുണ്ടാക്കിക്കൊടുത്ത് സ്ത്രീകളെ ശാക്തീകരിച്ചും സാമൂഹിക സമന്വയത്തെ പ്രോത്സാഹിപ്പിച്ചും 1989 മുതൽ തന്നെ സിഖ് സഞ്ചോഗ് പ്രചോദനാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും ഇവർ പോസ്റ്റിൽ പറഞ്ഞു.