ഹിറ്റ്‍ലറാണ് അയാള്‍, പുടിനെ ശിക്ഷിക്കുക; യുക്രൈന്‍ ആക്രമണത്തിനെതിരെ ലോകവ്യാപക പ്രതിഷേധം, തെരുവുകള്‍ നിറഞ്ഞ് ആയിരങ്ങള്‍

യുദ്ധം ആരംഭിച്ചതിന് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പേ ന്യൂയോര്‍ക്ക് നഗരത്തില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ നിരത്തിലിറങ്ങി

Update: 2022-02-25 07:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ #StandWithUkraine എന്ന ഹാഷ് ടാഗുകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. യുദ്ധം ആരംഭിച്ചതിന് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പേ ന്യൂയോര്‍ക്ക് നഗരത്തില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ നിരത്തിലിറങ്ങി. യുക്രൈന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന്‍റെ പതാകയും കയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാരുടെ പ്രകടനം.


ഏകദേശം 500 പ്രതിഷേധക്കാർ റഷ്യയുടെ പെര്‍മനന്‍റ് മിഷൻ സ്ഥിതിചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ കെട്ടിടത്തിന് പുറത്ത് റാലി നടത്തി.ജോർജിയയിൽ നിന്നുള്ള ഒരു കൂട്ടം പ്രതിഷേധക്കാരെപ്പോലെ ബെലാറഷ്യക്കാരും റഷ്യക്കാരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേർന്നു. പുടിന്‍റെ മുന്നേറ്റം തടയാൻ യുക്രൈനിന് കൂടുതൽ സാമ്പത്തികവും തന്ത്രപരവുമായ പിന്തുണ വാഗ്ദാനം ചെയ്യണമെന്ന് പ്രതിഷേധക്കാരിൽ ചിലർ പറഞ്ഞു.


അമേരിക്കയില്‍ വാഷിംഗ്ടൺ, ഡിസി, ലോസ് ഏഞ്ചൽസ്, ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം നടന്നു. യുക്രൈനിലെ തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോൾ ചില പ്രതിഷേധക്കാർ പൊട്ടിക്കരഞ്ഞുവെന്ന് ഡെൻവർ പോസ്റ്റ് റിപ്പോർട്ടറായ എലിസബത്ത് ഹെർണാണ്ടസ് ട്വീറ്റ് ചെയ്തു. കാലിഫോർണിയയിലെ വെസ്റ്റ് വുഡിലുള്ള ഫെഡറൽ കെട്ടിടത്തിന് പുറത്തും പ്രതിഷേധക്കാര്‍ റാലി നടത്തി.


ലണ്ടനിലെ റഷ്യൻ എംബസിക്ക് മുന്നിലും പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിലും യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. 'യുദ്ധം അവസാനിപ്പിക്കുക, പുടിന്‍ നിര്‍ത്തുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ച് യുക്രൈന്‍ പതാകകള്‍ വീശിയായിരുന്നു പ്രകടനം. സ്പെയിനില്‍ മാഡ്രിഡിലെ റഷ്യൻ എംബസിക്ക് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരിൽ നടൻ ഹാവിയർ ബാർഡെമും ഉൾപ്പെടുന്നു.മറ്റ് പ്രതിഷേധക്കാർ ബാഴ്‌സലോണയിലെ റഷ്യൻ കോൺസുലേറ്റിന് മുന്നിൽ ഒത്തുകൂടി. യുക്രൈനെതിരായ ആക്രമണത്തെ അപലപിച്ച് ജപ്പാനിലും പ്രതിഷേധങ്ങള്‍ നടന്നു. ടോക്കിയോയിലെ ഷിബുയ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പോളണ്ടിലെ റഷ്യന്‍ എംബസിക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.


റഷ്യയിലെ 40 ലധികം നഗരങ്ങളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് സെന്‍റ്.പീറ്റേഴ്സ്ബര്‍ഗിലും മോസ്കോയിലും ഒത്തുകൂടിയത്. പുടിന്‍ ഹിറ്റ്ലറാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളും ഫോട്ടോയുമൊക്കെ കൈകളിലേന്തിയായിരുന്നു പ്രതിഷേധം.

റഷ്യയ്ക്ക് യുക്രൈനിൽ എന്താണ് കാര്യം?

യുഎസ് നേതൃത്വം നൽകുന്ന മുപ്പത് പാശ്ചാത്യൻ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് യുക്രൈൻ നാറ്റോയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതിർത്തി രാഷ്ട്രത്തിൽ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങൾക്കുമിടയിലെ 'നോ മാൻസ് ലാൻഡ്' ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയിൽ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്പോട്ടു പോയാൽ കടുത്ത നടപടികൾക്കു വിധേയമാകുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ തങ്ങൾ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്പോട്ടുപോകുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോദിമിർ സെലൻസ്‌കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങൾക്ക് നാറ്റോ അംഗത്വം നൽകിയതാണ് സെലൻസ്‌കിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയൻ അതിർത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിർത്തിയിൽ ഉണ്ടായിരുന്നത്. നാറ്റോയിൽ ചേരില്ലെന്ന ഉറപ്പ് യുക്രൈനിൽ നിന്നും പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.

മാറി നിൽക്കുന്ന യുഎസ്

യുദ്ധ ഭീഷണി ഉയർന്ന വേളയിൽ യുക്രൈനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് യുഎസ്. ആവശ്യമെങ്കിൽ സൈനിക സഹായം നൽകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതിന് ശേഷം, സൈനിക നടപടികളിൽ നിന്നു വിട്ടു നിൽക്കുകയാണ് അമേരിക്ക. പകരം ഉപരോധം കടുപ്പിക്കുകയാണ് ചെയ്തത്. യുഎസിലുള്ള എല്ലാ സമ്പത്തും മരവിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പുറമേ, യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഉപരോധം റഷ്യമായി കാര്യമായി അലട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണ് പ്രധാനമായും യൂറോപ്പുമായി റഷ്യക്കുള്ളത്. ഏത് ഉപരോധത്തിനിടയിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടും. കാരണം, അത് യൂറോപ്പിന്റെ കൂടി ആവശ്യമാണ്. എന്നാൽ നോർട് സ്ട്രീം-2 പൈപ്പ് ലൈൻ പദ്ധതി നിർത്തിവയ്ക്കാനുള്ള ജർമനിയുടെ തീരുമാനം റഷ്യക്ക് തിരിച്ചടിയാണ്. റഷ്യയിൽ നിന്ന് ജർമനി വരെ നീളുന്ന പ്രകൃതിവാതക പൈപ്പ്‌ലൈനാണ് നോർഡ് സ്ട്രീം 2. ചൈന നൽകുന്ന പിന്തുണയും റഷ്യക്ക് ബലമേകുന്നു. യുക്രൈനിൽ റഷ്യ നടത്തിയത് അധിനിവേശമല്ല എന്ന നിലപാടാണ് ചൈനയുടേത്.

മൂന്നാം ലോകയുദ്ധമോ?

റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്ന് ലോകം ആശങ്കപ്പെടുന്നു. ആക്രമണം നീണ്ടു പോയാൽ ഇതോട് യുഎസും നാറ്റോയും എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. എന്നാൽ ലോകമഹായുദ്ധമല്ല, രണ്ടാം ശീതയുദ്ധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചില വിദഗ്ധർ പറയുന്നു.

യുക്രൈനിൽ സർവാധിപത്യം സ്ഥാപിക്കാനായാൽ മധ്യയൂറോപ്പിൽ റഷ്യക്ക് കൂടുതൽ സ്വാധീനം ഉണ്ടാക്കാനാകും. യുക്രൈൻ അധീനതയിലായാൽ നാറ്റോ അംഗ രാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കൻ അതിർത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ രാജ്യങ്ങളുടെ വടക്കൻ അതിർത്തിയിലേക്കും റഷ്യക്ക് എളുപ്പത്തിൽ എത്താനാകും. അയൽരാജ്യമായ ബെലറൂസ് ഇപ്പോൾ തന്നെ റഷ്യൻ സഖ്യരാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി റഷ്യയ്ക്ക് ലഭിക്കുന്ന ഈ മേധാവിത്വം എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാഷ്ട്രങ്ങളും ഭീഷണിയാകും.

സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും

കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും.

വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News