170 കാരറ്റ്, കോടിക്കണക്കിന് രൂപയുടെ മൂല്യം; അപൂർവ പിങ്ക് ഡയമണ്ട് അംഗോളയിൽ കണ്ടെത്തി
300 വർഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ പിങ്ക് ഡയമണ്ടാണിത്
സിഡ്നി: അപൂർവങ്ങളിൽ അപൂർവമായ പിങ്ക് വജ്രം അംഗോളയിലെ ഖനിത്തൊഴിലാളികൾ കണ്ടെത്തി. 300 വർഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ പിങ്ക് ഡയമണ്ടാണിതെന്ന് ഓസ്ട്രേലിയൻ സൈറ്റ് ഓപ്പറേറ്റർ റിപ്പോർട്ട് ചെയ്തു.
170 കാരറ്റ് പിങ്ക് ഡയമണ്ട് 'ദി ലുലോ റോസ്' എന്നാണ് അറിയപ്പെടുന്നത്. കോടിക്കണക്കിന് രൂപയോളമാണ് ഇതിന്റെ മൂല്യം. രാജ്യത്തിന്റെ വജ്ര സമ്പന്നമായ ലുലോ ഖനിയിൽ നിന്നാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പിങ്ക് വജ്രങ്ങളിലൊന്നാണ് ഇതെന്ന് ലുകാപ ഡയമണ്ട് കമ്പനി നിക്ഷേപകർക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ലുലോ റോസ് ഡയമണ്ടിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയണമെങ്കിൽ അത് ചെത്തിമിനുക്കേണ്ടി വരും. ചെത്തിമിനുക്കുന്ന വേളയിൽ വജ്രത്തിന്റെ യഥാർഥഭാരത്തിന്റെ പകുതിയോളം കുറയും. ഇങ്‌നെ ലഭിക്കുന്ന വജ്രങ്ങൾ റെക്കോർഡ് വിലക്കാണ് വിറ്റത്. 2017 ലെ ഹോങ്കോംഗ് ലേലത്തിൽ 59.6 കാരറ്റ് പിങ്ക് സ്റ്റാർ 71.2 ദശലക്ഷം യുഎസ് ഡോളറിന് വിറ്റത്. ഇതുവരെ വിറ്റഴിച്ചതിൽ വെച്ച് ഏറ്റവും വില കൂടിയ വജ്രമായിരുന്നു ഇത്.