ഹൂതികൾക്കെതിരായ അമേരിക്കയുടെ സൈനിക നടപടികൾ ഫലം കാണുന്നില്ലെന്ന് റിപ്പോർട്ട്
ചെങ്കടലിൽ ആക്രമണം ആരംഭിച്ചശേഷം രണ്ട് ലക്ഷത്തോളം പേരെ ഹൂതികൾ പുതുതായി റിക്രൂട്ട് ചെയ്തിട്ടുണ്ട്
ഹൂതികൾക്കെതിരെ നടക്കുന്ന സൈനിക നടപടികൾ ഫലപ്രദമല്ലെന്ന് റിപ്പോർട്ട്. ഹൂതികളെ ചെറുക്കാൻ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നും പാഴായിപ്പോവുകയാണെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്യന്നു. ആക്രമണങ്ങൾ ഹൂതികളെ കൂടുതൽ ശക്തിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
തങ്ങൾ പുതിയ മിസൈലുകൾ വികസിപ്പിച്ചതായി കഴിഞ്ഞദിവസം ഹൂതി നേതാവ് സയ്യിദ് അബ്ദുൽ മാലിക് ബദ്രിദ്ദീൻ അൽ ഹൂത്തി ടെലിവിഷനിലൂടെ അറിയിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് സി.എൻ.എൻ റിപ്പോർട്ട് വരുന്നത്. തങ്ങളുടെ പുതിയ മിസൈലുകളെ യു.എസ് സേനക്ക് ചെറുക്കാനായില്ലെന്നും കപ്പലുകളിൽ പതിച്ചെന്നും അബ്ദുൽ മാലിക് വ്യക്തമാക്കിയിരുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ചെങ്കടലിൽ തങ്ങളുടെ പ്രതിരോധം തുടരും. ഇസ്രായേൽ അധിനിവേശത്തിന് ആയുധം നൽകി ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുകയാണ് അമേരിക്ക. ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ വംശഹത്യയും കൊലപാതകവും നടത്തുകയാണ്. അവരെ പട്ടിണിക്കിട്ട് കൊല്ലുന്നു.
ശത്രുക്കളുടെ കടൽ വാണിജ്യ ഗതാഗതത്തിന്റെ 40 ശതമാനവും നിർത്തലാക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയെ തളർത്തുകയും കയറ്റുമതി കുറക്കുകയും ചെയ്തിട്ടുണ്ടെന്നും സയ്യിദ് അബ്ദുൽ മാലിക് ഊന്നിപ്പറഞ്ഞു.
തങ്ങളുടെ പക്കൽ അന്തർവാഹിനി ആയുധങ്ങൾ തയാറാണ്. ഇതുവരെ 48 കപ്പലുകളെ ചെങ്കടലിലും അറബിക്കടലിലുമായി ആക്രമിച്ചു. അതേസമയം, ഗസ്സയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്ന കപ്പലുകൾക്ക് തങ്ങൾ സംരക്ഷണം നൽകുമെന്നും സയ്യിദ് അബ്ദുൽ മാലിക് വ്യക്തമാക്കി.
വ്യാഴാഴ്‌ച രാവിലെ ഹൂതികൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു മിസൈൽ ഏദൻ ഉൾക്കടലിൽ വാണിജ്യ കപ്പലിൽ പതിച്ചു. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പലിന് നേരെയായിരുന്നു ആക്രമണം. കപ്പലിന് ചെറിയ രീതിയിൽ കേടുപാട് സംഭവിച്ചെന്നും എന്നാൽ, കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയാണെന്നും യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യെമനിൽനിന്ന് വന്ന മിസൈൽ ഭീഷണിയെത്തുടർന്ന് തുറമുഖ നഗരമായ ഐലാത്തിൽ അപായ സൈറണുകൾ മുഴങ്ങിയതായി ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം വിജയകരമായി മിസൈലിനെ തടഞ്ഞതായും പറയുന്നു.
ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ചെറുത്തുനിൽപ്പ് പതിറ്റാണ്ടുകൾക്കിടെ അമേരിക്ക നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായി കപ്പലുകൾ കൊണ്ടുള്ള യുദ്ധത്തിലേക്ക് തിരികെ പോകേണ്ടി വരും. നാവികസേനയിൽ നിന്ന് ഏകദേശം 7000 നാവികരെ ചെങ്കടലിൽ വിന്യസിച്ചതായും ബ്രാഡ് വ്യക്തമാക്കി.
അതേസമയം, ഫലസ്തീനെ പിന്തുണച്ച് ചെങ്കടലിൽ സൈനിക നടപടി ഹൂതികൾ ആരംഭിച്ചതോടെ യെമനിൽ നിരവധി പേരാണ് പുതുതായി സേനയിൽ ചേർന്നത്. 200,000 പുതിയ പോരാളികളെ ഹൂതികൾ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്തതായി ഹൂതി വക്താവ് അറിയിച്ചു.
ഹൂതികളുടെ ശക്തി വർധിക്കുന്നത് യെമനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു ദശാബ്ദത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവിലാണ് രാജ്യത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചത്. രാജ്യം വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, രാജ്യത്തിനകത്ത് ആക്രമണം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, സയണിസ്റ്റുകളും അവരെ പിന്തുണക്കുന്നവരുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹൂതികൾ വ്യക്തമാക്കുന്നു.