കിയവിലേക്ക് കൂടുതല്‍ റഷ്യന്‍ സൈന്യം; യുക്രൈന്‍ തലസ്ഥാനത്ത് രണ്ടാം ദിവസവും സ്ഫോടനം

രണ്ട് സ്ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്.

Update: 2022-02-25 03:28 GMT
Advertising

യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ രണ്ടാം ദിവസവും സ്ഫോടനം. രണ്ട് സ്ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്. സ്‌ഫോടന ശബ്ദം കേട്ടതായി മുൻ ഡപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ പറഞ്ഞതായി യുക്രൈനിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലുകളാണ് സ്ഫോടത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടന ശബ്ദം കേട്ടെന്ന് മലയാളി വിദ്യാര്‍ഥികളും പറഞ്ഞു. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു.

കിയവിൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. റഷ്യന്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. യുക്രൈന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. റഷ്യക്ക് തിരിച്ചടി നൽകിയെന്നും 50 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു. ചെർണോബിൽ ആണവ നിലയം ഉൾപ്പെടുന്ന മേഖലയും റഷ്യൻ സൈന്യം പിടിച്ചെടുത്തു. യുക്രൈന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈൻ സൈന്യത്തെ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്നും ലക്ഷ്യം നിർവഹിച്ചെന്നും റഷ്യൻ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. എന്നാൽ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു ലക്ഷം യുക്രേനിയൻ പൗരൻമാർ പലായനം ചെയ്തതതായാണ് യുഎൻ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. യുക്രൈൻ അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ ഇന്ന് യോഗം ചേരും.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News