ഔദ്യോഗിക വസതിക്ക് നേരെ ഡ്രോൺ ആക്രമണം; പുടിനെ വധിക്കാനുള്ള യുക്രൈൻ ശ്രമം പരാജയപ്പെടുത്തിയെന്ന് റഷ്യ

രണ്ട് ഡ്രോണുകളും തകർത്തെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും റഷ്യ അറിയിച്ചു.

Update: 2023-05-03 13:14 GMT
Advertising

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിന് നേരെ യുക്രൈൻ നടത്തിയ വധശ്രമം തകർത്തെന്ന് റഷ്യ. ചൊവ്വാഴ്ച രാത്രിയോടെയാണ് ക്രെംലിനിടെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നിൽ യുക്രൈനാണെന്നുമാണ് റഷ്യ ആരോപിക്കുന്നത്. ആക്രമണത്തെ തീവ്രവാദ പ്രവർത്തനമായാണ് കണക്കാക്കുന്നതെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. രണ്ട് ഡ്രോണുകളും തകർത്തെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും റഷ്യ അറിയിച്ചു. ഔദ്യോഗിക വസതിക്കും കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല.

ആക്രമണം നടക്കുമ്പോൾ പുടിൻ ക്രെംലിനിലെ വസതിയിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്‌കോവ് പറഞ്ഞു. പ്രസിഡന്റ് ഇപ്പോൾ മോസ്‌കോ മേഖലയിലെ നോവോ-ഒഗാൽയോവോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണെന്നും പെസ്‌കോവ് പറഞ്ഞു.

മെയ് ഒമ്പതിന് റഷ്യ വിക്ടറി ഡെ ആയി ആഘോഷിക്കുന്ന ദിവസമാണ്. ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ വിജയം നേടിയതിന്റെ ഓർമ പുതുക്കുന്ന ദിവസമാണ് വിക്ടറി ഡെ. വിദേശ നേതാക്കൾ അടക്കം പങ്കെടുക്കാനിരിക്കെ ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News