'യുദ്ധം വേണ്ട': തെരുവിലിറങ്ങി റഷ്യക്കാര്‍, 1400 പേര്‍ അറസ്റ്റില്‍

യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല, കൊലയാളി പുടിന്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്

Update: 2022-02-25 02:31 GMT
Advertising

യുക്രൈനിലേക്ക് കൂടുതല്‍ റഷ്യന്‍ സൈന്യം ഇരച്ചുകയറവേ യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം. യുദ്ധം വേണ്ടെന്ന മുദ്രാവാക്യവുമായി സെന്‍റ് പീറ്റേഴ്‌സ്ബർഗിലെ പ്രധാന തെരുവായ നെവ്‌സ്‌കി പ്രോസ്പെക്ടിലും മോസ്കോയിലും ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. 1400ലധികം പേര്‍‌ അറസ്റ്റിലായി.

റഷ്യ യുദ്ധത്തിന് എതിരാണ്, യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല, കൊലയാളി പുടിന്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. '"എനിക്ക് വാക്കുകളില്ല, അസ്വസ്ഥത തോന്നുന്നു. എന്തുപറയാനാണ്? ഞങ്ങൾ അശക്തരാണ്. വേദന തോന്നുന്നു"- എന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പ്രതികരിച്ചത്. യുക്രൈന്‍ പതാകയുടെ നിറത്തിലുള്ള ബലൂണുകളുമായാണ് ഒരു സ്ത്രീ പ്രതിഷേധത്തിനെത്തിയത്. "ഇന്ന് രാവിലെ ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി. അതുകൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതിയല്ല" എന്നായിരുന്നു ഒരു യുവാവിന്‍റെ പ്രതികരണം.

ഇത് അനധികൃതമായ പ്രതിഷേധമാണെന്നും പങ്കെടുക്കുന്നവര്‍ അറസ്റ്റും തുടര്‍ നടപടികളും നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് വകവെയ്ക്കാതെ ആയിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു. പ്രതിഷേധത്തെ നേരിടാന്‍ എല്ലാ സന്നാഹങ്ങളോടെയും  പൊലീസ് അണിനിരന്നു. 1400ലധികം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

യുക്രൈനിലെ റഷ്യന്‍ നടപടിയെ അപലപിച്ച് മാധ്യമപ്രവര്‍ത്തകര്‍ നിവേദനത്തില്‍ ഒപ്പുവെച്ചു. യുദ്ധത്തെ അനുകൂലിക്കരുതെന്ന് മോസ്കോ, സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്, സമാറ തുടങ്ങിയ നഗരങ്ങളിലെ മുനിസിപ്പല്‍ ഡപ്യൂട്ടിമാര്‍ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി- "ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ഞങ്ങൾ, യുക്രൈനെതിരായ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തെ നിരുപാധികം അപലപിക്കുന്നു. ഇത് സമാനതകളില്ലാത്ത ഒരു ക്രൂരതയാണ്. ന്യായീകരിക്കാനാവില്ല"- എന്നാണ് കത്തില്‍ പറയുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News