യുദ്ധം മുറുകുന്നതിനിടെ റഷ്യയിൽ സംപ്രേഷണം നിർത്തി വിവിധ വാർത്താ ചാനലുകൾ
ബിബിസിയും സിഎൻഎനും റഷ്യയിൽ പ്രവർത്തനം നിർത്തിയതായി അറിയിച്ചു
റഷ്യ-യുക്രൈൻ യുദ്ധം മുറുകുന്നതിനിടെ റഷ്യയിൽ സംപ്രേഷണം നിർത്തി വിവിധ വാർത്താ ചാനലുകൾ. ബിബിസിയും സിഎൻഎനും റഷ്യയിൽ പ്രവർത്തനം നിർത്തിയതായി അറിയിച്ചു. യുദ്ധ വാർത്തകളുമായി ബന്ധപ്പെട്ട സംപ്രേഷണത്തിന് റഷ്യ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
റഷ്യയിൽ ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യൂട്യൂബും ട്വിറ്ററും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഗൂഗിൾ, മൈക്രോസ്ഫോറ്റ് ഉൾപ്പെടെയുള്ള കമ്പനികള്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ചു.
യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ മാധ്യമങ്ങൾക്കും വാർത്താ ഏജൻസികൾക്കും ഫേസ്ബുക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിന് റഷ്യ വിലക്ക് ഏർപ്പെടുത്തിയത്. റഷ്യൻ ദേശീയ വാർത്താ ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം വ്യാപകമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2020 മുതൽ റഷ്യൻ മാധ്യമങ്ങളോടും വാർത്താ ഏജൻസികളോടും ഫേസ്ബുക്ക് വിവേചനം കാട്ടുന്നതായി റഷ്യൻ മീഡിയ റെഗുലേറ്റർ ബോർഡ് ആരോപിച്ചു.
ഫേസ്ബുക്ക് വിലക്കിന് പിന്നാലെ റഷ്യയിൽ ട്വിറ്ററും യുട്യൂബും ലഭ്യമാവുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് പുതിയ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പന താത്കാലികമായി നിർത്തിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു. റഷ്യയിൽ എല്ലാ പരസ്യങ്ങളും താത്കാലികമായി നിർത്തി വെച്ചതായി ഗൂഗിളും അറിയിച്ചു. യുദ്ധം അവസാനിപ്പിച്ചാൽ മാത്രമെ പരസ്യ സേവനങ്ങൾ റഷ്യയിൽ ലഭ്യമാക്കുകയുള്ളൂവെന്ന് ഗൂഗിൾ വ്യക്തമാക്കി. റഷ്യയുടെ മീഡിയ ഔട്ട്ലെറ്റുകൾക്ക് പരസ്യവരുമാനം നൽകുകയില്ലെന്ന് ഗൂഗിൾ നേരത്തെ നിലപാടെടുത്തിരുന്നു.