ബോറടിച്ചപ്പോൾ ഏഴ് കോടിയുടെ പെയിന്റിംഗിൽ കണ്ണുകൾ വരച്ചു;ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ ജീവനക്കാരന്റെ പണിപോയി!
'ത്രീ ഫിഗേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി 7.51 കോടിക്ക് തുല്യമായ 74.9 ദശലക്ഷം റഷ്യൻ റൂബിളിന് ഇൻഷ്വർ ചെയ്തിട്ടുണ്ട്
ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ ജീവനക്കാരനെ പിരിച്ചുവിട്ടു. കാരണമെന്താണെന്നല്ലേ? ബോറടിച്ചപ്പോൾ ഏഴ് കോടി വില വരുന്ന പെയിന്റിംഗിൽ കണ്ണുകൾ വരച്ചുവത്രെ.കഴിഞ്ഞ ദിവസം റഷ്യയിലാണ് സംഭവം നടന്നു. വിലയേറിയ പെയിൻറിംഗ് വികൃതമാക്കിയതിനാണ് ജീവനക്കാരനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്. പടിഞ്ഞാറൻ മധ്യ-റഷ്യയിലെ യെക്കാറ്റെറിൻബർഗ് നഗരത്തിലെ ബോറിസ് യെൽറ്റ്സിൻ പ്രസിഡൻഷ്യൽ സെന്ററിലാണ് സംഭവം.
'ത്രീ ഫിഗേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി 7.51 കോടിക്ക് തുല്യമായ 74.9 ദശലക്ഷം റഷ്യൻ റൂബിളിന് ഇൻഷ്വർ ചെയ്തിട്ടുണ്ട്. റഷ്യൻ കലാകാരനായ കാസിമിർ മാലെവിച്ചിന്റെ ശിഷ്യ അന്ന ലെപോർസ്‌കയയാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ. 1932-34 കാലഘട്ടത്തിലാണ് ഇത് വരക്കുന്നത്.
ബോൾ പെൻ ഉപയോഗിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ ചിത്രംവര. മുഖം വരക്കാൻ ഉപയോഗിക്കുന്ന ടൈറ്റാനിയം വൈറ്റ്, വാർണിഷ് കൊണ്ട് മൂടാത്തതിനാൽ പെയിന്റ് പാളിയിലേക്ക് മഷി കടന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ശക്തമായ സമ്മർദ്ദമില്ലാതെ പേന ഉപയോഗിച്ച് വരച്ചതിനാൽ ചിത്രത്തിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല.
സെക്യൂരിറ്റി ജീവനക്കാരന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പ്രവൃത്തി വിവേകശൂന്യമാണെന്നും ഭരണകൂടം പറഞ്ഞു. കേടുപാടുകൾ കൂടാതെ പെയിൻറിംഗ് പൂർവസ്ഥിതിയിലാക്കാൻ രണ്ടര ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് അധികൃതരുടെ അഭിപ്രായം.40,000 രൂപ പിഴയും ഒരു വർഷത്തെ തൊഴിൽ ശിക്ഷയും ഉൾപ്പെടെയുള്ള നശീകരണ കുറ്റമാണ് സെക്യൂരിറ്റി ജീവനക്കാരനെതിരെ അധികൃതർ ചുമത്തിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.