'മൂന്ന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലിപ്പം'; ഗസ്സയിലെ ഹമാസ് തുരങ്കങ്ങളുടെ വ്യാപ്തിയും നിർമാണ മികവും ഞെട്ടിച്ചെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ
മുതിർന്ന ഹമാസ് കമാൻഡറുടെ വീടിന്റെ അടിയിൽ പിരിയൻ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ ഉയരമുള്ള തുരങ്കം ഇസ്രായേലി സൈനികർ കണ്ടെത്തിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഗസ്സ: ഗസ്സയിലെ ഹമാസ് തുരങ്കങ്ങളുടെ വലിപ്പവും ഗുണനിലവാരവും ആസൂത്രണവും തങ്ങളെ ഞെട്ടിച്ചെന്ന് ഇസ്രായേലി, യു.എസ് ഉദ്യോഗസ്ഥർ. ഹമാസ് നേതാക്കൾക്ക് ഒരു കാർ ഓടിച്ചുപോവാൻ മാത്രം വലിപ്പത്തിലാണ് തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു ആശുപത്രിയുടെ അടിയിൽ നിർമിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലിപ്പമുണ്ട്. മുതിർന്ന ഹമാസ് കമാൻഡറുടെ വീടിന്റെ അടിയിൽ പിരിയൻ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ ഉയരമുള്ള തുരങ്കം ഇസ്രായേലി സൈനികർ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ചില തുരങ്കങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഇസ്രായേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഗസ്സയിൽ ആക്രമണം തുടങ്ങിയത് മുതൽ ഇസ്രായേൽ സൈന്യത്തിന് തുരങ്കങ്ങൾ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം തുരങ്കങ്ങൾ നിർമിക്കാൻ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങൾ ഇസ്രായേൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതുപോലും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
തുരങ്കങ്ങളുടെ വലിപ്പം 250 മൈൽ ആണെന്നാണ് കഴിഞ്ഞ ഡിസംബറിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ അത് ഏകദേശം 350-450 മൈൽ വരുമെന്നാണ് ഇപ്പോൾ ഇസ്രായേലിന്റെ കണക്കുകൂട്ടലെന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാവാത്ത ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തുരങ്കങ്ങളിലേക്ക് ഇറങ്ങാൻ 5,700 വഴികളുണ്ടെന്നും ഇവർ പറയുന്നു.
ഇപ്പോഴും ഹമാസ് തുരങ്കങ്ങളെക്കുറിച്ച് പൂർണമായ വിവരങ്ങൾ ഇസ്രായേലിന് ലഭിച്ചിട്ടില്ല. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രമാണ് ഇസ്രായേലിന്റെ കയ്യിലുള്ളത്. ഹമാസ് തുരങ്കങ്ങൾ ഇനിയൊരു വെല്ലുവിളിയാകില്ലെന്നും സൈനിക ശക്തികൊണ്ട് അത് തകർക്കാമെന്നുമാണ് 2023 ജനുവരിയിൽ ചേർന്ന മുതിർന്ന സൈനികരുടെ യോഗത്തിൽ വിലയിരുത്തലുണ്ടായത്. എന്നാൽ അത് തെറ്റിപ്പോയെന്ന് തെളിയിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ.
ഗസ്സയെ ഒരു സമ്പൂർണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വർഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂർണമായും ഉപയോഗിച്ചതെന്ന് സി.ഐ.എ ഉദ്യോഗസ്ഥനായ ആരോൺ ഗ്രീൻസ്‌റ്റോൺ പറഞ്ഞു. ഹമാസ് നേതാക്കളെ വധിക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേലിന് ഏറ്റവും വലിയ തടസ്സമാകുന്നതും തുരങ്കങ്ങളാണ്. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും നിങ്ങൾക്ക് ഇല്ലാതാകണമെങ്കിൽ ആദ്യം തുരങ്കങ്ങൾ തകർക്കണമെന്നാണ് ഇസ്രായേലിലെ റീച്ച്മാൻ യൂണിവേഴ്‌സിറ്റിയിലെ തുരങ്ക യുദ്ധ വിദഗ്ധനായ ഡാഫ്‌നെ റിച്ചെമോണ്ട്-ബരാക് പറഞ്ഞു.