സിറിയയിൽ വീടിന് നേരെ റഷ്യൻ വ്യോമാക്രമണം; അഞ്ച്‌ കുട്ടികളടക്കം ഏഴുപേർ മരിച്ചു

എട്ട് കുട്ടികളടക്കം 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Update: 2022-07-23 04:36 GMT
Advertising

അൽജദീദ, സിറിയ: തുർക്കി അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ സിറിയയിൽ വെള്ളിയാഴ്ച റഷ്യൻ യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ അഞ്ച്‌ കുട്ടികളടക്കം ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു. വീടിന് നേരെ നടന്ന ആക്രമണത്തിൽ എട്ട് കുട്ടികളടക്കം 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിലെ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഇദ്ലിബിൽ പ്രവിശ്യയുടെ വടക്കൻ ഭാഗത്താണ് ആക്രമണം നടന്നത്. ജിസ്ർ അൽ-ഷോഗറിനടുത്ത് അൽ ജദീദ ഗ്രാമത്തിലാണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. രണ്ടു റഷ്യൻ എസ്‌യു 34 യുദ്ധവിമാനങ്ങൾ പ്രദേശത്തെ ലക്ഷ്യമിട്ടെത്തിയതായും നാലിടത്ത് ആക്രമണം നടത്തിയതായും പ്രാദേശിക നിരീക്ഷകർ അറിയിച്ചു. സിറിയൻ സിവിൽ ഡിഫൻസ്, വൈറ്റ് ഹെൽമറ്റ് എന്നിവയും ആക്രമണത്തിന് ഇരയായ കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുമാണ് വിവരം പങ്കുവെച്ചത്.



ഇദ്ലിബിൽ നഗരത്തിൽ ഒരു റഷ്യൻ യുദ്ധവിമാനവും വടക്കൻ പ്രവിശ്യയിലെ പട്ടണത്തിൽ നാല് റഷ്യൻ വിമാനങ്ങളും വ്യോമാക്രമണം നടത്തിയതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സും പ്രതിപക്ഷ മാധ്യമമായ ഓറിയന്റ് ടി.വിയും അറിയിച്ചു. സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖല വിമതരുടെ കേന്ദ്രമാണ്. ഇദ്ലിബിൽ പ്രവിശ്യ നിലവിൽ അൽ-ഖാഇദയുമായി ബന്ധമുള്ള ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ നിയന്ത്രണത്തിലാണ്. വടക്കൻ അലപ്പോ പ്രവിശ്യ തുർക്കിയ പിന്തുണയുള്ള വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും. ഈ മേഖലയിൽ സിറിയൻ സേനയും റഷ്യയും നിരന്തരം വ്യോമാക്രമണം നടത്താറുണ്ട്.



ഈ പ്രദേശങ്ങളിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും കടുത്ത ദാരിദ്ര്യത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. വടക്കുപടിഞ്ഞാറൻ സിറിയയിൽ യു.എസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനെ ലക്ഷ്യമിട്ട് സൈനിക നടപടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി തുർക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുർദിഷ് നേതൃത്വത്തിലുള്ള സംഘം തങ്ങൾക്ക് സുരക്ഷ ഭീഷണി ഉയർത്തുന്നതായി തുർക്കിയ വ്യക്തമാക്കുന്നു.

Seven civilians, including four children, were killed in a Russian warplane strike in Syria on Friday

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News