ഇസ്രായേലിന് കനത്ത തിരിച്ചടി; ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു
മെതുലയിൽ അഞ്ചും ഹൈഫയിൽ രണ്ടും പേർ മരിച്ചതായാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്
തെൽ അവീവ്: ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മെതുല, ഹൈഫ എന്നിവിടങ്ങളിൽ വ്യാഴാഴ്ച നടന്ന ആക്രമണങ്ങളിലാണ് ഇസ്രായേലിന് തിരിച്ചടി. മെതുലയിൽ അഞ്ചും ഹൈഫയിൽ രണ്ടും പേർ മരിച്ചതായാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. രണ്ടിടങ്ങളിലുമായി എട്ടിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലബനാനിൽ മനുഷ്യക്കുരുതി തുടരുന്നതിനിടെയുള്ള ഹിസ്ബുല്ലയുടെ തിരിച്ചടി ഇസ്രായേലിന് വലിയ ആഘാതം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.. ലബനനിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് വടക്കൻ ഇസ്രായേലിലെ ഒലിവ് തോട്ടത്തിൽ പതിച്ചാണ് രണ്ട് പേർ മരിച്ചതെന്നാണ് വിവരം. മെതുലയിലെ ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ ഇസ്രായേൽ പൗരനും മറ്റ് നാലുപേർ വിദേശികളുമാണ്.
അതേസമയം ലബനാനിൽ ആറ് ആരോഗ്യപ്രവർത്തരെ ഇസ്രായേൽ കൊലപ്പെടുത്തി. ആക്രമണത്തിന് തിരിച്ചടി വൈകില്ലെന്ന ഇറാന്റെ പ്രഖ്യാപനത്തിൽ ഇസ്രായേലിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ദക്ഷിണ ലബനാനിലെ പത്തിലേറെ പ്രദേശങ്ങളിൽ നിന്ന് ഒഴിയണമെന്ന ഇസ്രായേൽ ആവശ്യം പതിനായിരങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.. ബാൽബെക് മേഖലയിലെ അഭയാർഥി ക്യാമ്പ് ഉൾപ്പെടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം.
പ്രദേശത്ത് ഇന്നലെ രാത്രിയും ഇസ്രായേൽ ആക്രമണം നടത്തി. തലസ്ഥാനമായ ബൈറൂത്തിനെയും ബെക്ക താഴ്വരയെയും ബന്ധിപ്പിക്കുന്ന അരായ-ഖാലെ റോഡിൽ ഡ്രോൺ ആക്രമണം നടന്നു. ഗസ്സയിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 95 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരിൽ 75 പേരും വടക്കൻ ഗസ്സയിൽ നടന്ന ആക്രമണങ്ങളിലാണ് മരിച്ചത്.
ഉപരോധവും ആക്രമണവും അവസാനിപ്പിച്ച് പ്രദേശത്തേക്ക് സഹായം എത്തിക്കണമെന്ന ആവശ്യം ഇസ്രായേൽ ഇനിയും അംഗീകരിച്ചിട്ടില്ല. ഗസ്സയിലേക്ക് എത്തിച്ച മരുന്നുകൾ പോലും ഇസ്രായേൽ സൈന്യം നശിപ്പിച്ചു. വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലെ മരുന്ന് ശേഖരവും ചികിത്സ ഉപകരണങ്ങളുമാണ് നശിപ്പിച്ചത്.
അതിനിടെ, താൽക്കാലിക വെടിനിർത്തലിനില്ലെന്ന് ഹമാസ് ആവർത്തിച്ചിട്ടുണ്ട്. ഗസ്സയിൽനിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് താഹിർ നുനു പറഞ്ഞു.
വെടിനിർത്തൽ അവസാനിപ്പിക്കാൻ ഇസ്രായേൽ നേതാക്കളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധി അമോസ് ഹോസ്റ്റിൻ നടത്തിയ ചർച്ച വിജയം കണ്ടില്ല. യുദ്ധലക്ഷ്യം നേടും വരെ ഗസ്സയിലും ലബനാനിലും ആക്രമണം തുടരുമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചു നിന്നതാണ് തിരിച്ചടിയായതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വെടിനിർത്തൽ പ്രഖ്യാപനം എന്ന ബൈഡന്റെ പ്രതീക്ഷ വിജയിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.