ബെയ്റൂത്തിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; ഹിസ്ബുല്ല കമാൻഡറടക്കം ആറുപേർ കൊല്ലപ്പെട്ടു

ലബനാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 569 പേർ

Update: 2024-09-25 01:11 GMT
Advertising

ബെയ്റൂത്ത്: ലബനാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തലസ്ഥാനമായ ബെയ്റൂത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനാനിലേക്കും ഇസ്രായേലിലേക്കുമുള്ള സർവീസുകൾ വിവിധ വിമാന കമ്പനികൾ റദ്ദാക്കി. ഇസ്രായേൽ ആക്രമണത്തിൽ ലബനാനിൽ ഇതുവരെ 569 പേരാണ് കൊല്ലപ്പെട്ടത്.

ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ ആവർത്തിച്ച് പറയു​മ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെടുന്ന സിവിലിയൻമാരുടെ എണ്ണം കൂടുകയാണ്. ബെയ്റൂത്തിന് തെക്ക് ദഹിയയിൽ ഒരു ആറുനില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ആറുപേർ കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ല മിസൈൽ വിഭാഗം കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.

ബെയ്റൂത്തിൽ കൊല്ലപ്പെട്ടവരിൽ 2 യുഎൻ വളണ്ടിയർമാരും 4 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ലൈവ് ഷോക്കിടെ ഇസ്രായേൽ ബോംബാക്രമണത്തിൽ ലബനാൻ മാധ്യമ പ്രവർത്തകന് പരിക്കേറ്റു. മറായ ഇന്റർനാഷണൽ നെറ്റ്വർക്ക് എഡിറ്റർ ഇൻ ചീഫ് ഫാദി ബോദിയക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ലബനാനിൽ ആയിരങ്ങളാണ് വീടുകൾവിട്ട് സ്കൂളുകളിലെ ക്യാമ്പുകളിൽ അഭയം തേടിയത്. ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണവും തുടരുകയാണ്. 400 മിസൈലുകൾ ഹിസ്ബുല്ല ഇസ്രായേലിന് നേരെ അയച്ചതായി ഇസ്രായേൽ സൈനിക റേഡിയോ സ്ഥിരീകരിച്ചു.

ഹൈഫ ക്ക് സമീപം റോഷ്പിന പട്ടണത്തിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് പതിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഫേദ് പട്ടണത്തിലെ ഇസ്രയേലിന്റെ ഡാഡോ മിലിട്ടറി ബേസിനുനേരെ 50ഓളം മിസൈലുകൾ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

സംഘർഷം കനത്തതോടെ മേഖലയിൽ നിരവധി വിമാന കമ്പനികൾ സർവ്വീസുകൾ റദ്ദാക്കി . എയർ ഇന്ത്യയും ഗൾഫ് വിമാന കമ്പനികളും ഉൾപ്പെടെ 12 വിമാന കമ്പനികളാണ് ഇസ്രായേലിലേക്കും ലബനാനിലേക്കുമുള്ള സർവ്വീസുകൾ റദ്ദാക്കിയത്. ലബനാനിൽ നിന്ന് ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചെത്തിക്കുന്നത് വേഗത്തിലാക്കുകയാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. റഷ്യൻ പൗരൻമാർ ലബനാനിൽനിന്ന് മടങ്ങണമെന്ന് ബെയ്റൂത്തിലെ റഷ്യൻ സ്ഥാനപതിയും ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News