എച്ച്.ഐ.വി ബാധിതയില്‍ കോവിഡിന്‍റെ നിരവധി വകഭേദങ്ങള്‍; വൈറസ് സാന്നിധ്യമുണ്ടായത് 216 ദിവസം
ഗുരുതര എച്ച്.ഐ.വി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി.
ദക്ഷിണാഫ്രിക്കയില്‍ എച്ച്.ഐ.വി ബാധിതയായ 36കാരിയില്‍ കൊറോണ വൈറസിന്‍റെ അപകടകരമായ നിരവധി വകഭേദങ്ങളുണ്ടായതായി കണ്ടെത്തല്‍. 216 ദിവസത്തോളം ഇവരില്‍ വൈറസ് സാന്നിധ്യം നിലനിന്നതായും മുപ്പതിലധികം ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചതായും മെഡ്ആര്‍ക്കൈവ്(medRxiv) എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2006 ലാണ് ക്വാസുലു നതാല്‍ സ്വദേശിയായ യുവതിയ്ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് യുവതിയുടെ പ്രതിരോധശേഷി കാലക്രമേണ കുറഞ്ഞുവന്നു. 2020 സെപ്റ്റംബറില്‍ കോവിഡ് ബാധിച്ച യുവതിയില്‍ വൈറസിന്‍റെ സ്വഭാവത്തിന് മാറ്റം വരത്തക്കവിധത്തില്‍ 13 വകഭേദങ്ങളും 19 മറ്റു ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. അപകടശേഷി കൂടിയ ആല്‍ഫ വകഭേദത്തില്‍ പെടുന്ന E484K, ബീറ്റ വകഭേദത്തില്‍ പെടുന്ന N510Y എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു. ഈ ജനിതകമാറ്റം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
യുവതിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് കൊറോണ വൈറസ് പകര്‍ന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, ക്വാസുലു നതാല്‍ മേഖലയില്‍ കോവിഡിന്‍റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയതില്‍ യാദൃശ്ചികതയില്ലെന്നും ഈ പ്രദേശത്ത് പ്രായപൂര്‍ത്തിയായ നാല് പേരില്‍ ഒരാളെങ്കിലും എച്ച്.ഐ.വി പോസിറ്റീവാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഗുരുതര എച്ച്.ഐ.വി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാമെന്നും പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ ശരീരത്തില്‍ കോവിഡ് വൈറസിന് ദീര്‍ഘകാലം തുടരാനാവുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. എച്ച്.ഐ.വി ബാധിതരെ കണ്ടെത്താനുള്ള പരിശോധന ഊര്‍ജ്ജിതപ്പെടുത്തുന്നത് എച്ച്.ഐ.വി മൂലമുള്ള മരണനിരക്കും രോഗവ്യാപനവും തടയാന്‍ സഹായിക്കുമെന്നും പുതിയ കോവിഡ് വകഭേദങ്ങളുണ്ടാവുന്നതും കോവിഡിന്റെ പുതിയതരംഗങ്ങളുണ്ടാകുന്നതും പ്രതിരോധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.