ഞങ്ങളെ ഒറ്റപ്പെടുത്തരുത്, ഇത് വേദനാജനകമാണ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ്

ലോക രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സിറില്‍ റമഫോസ പറഞ്ഞു

Update: 2021-11-29 07:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒമിക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസ. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരവധി രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വേദനാജനകമാണ്. ലോക രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സിറില്‍ റമഫോസ പറഞ്ഞു.

"ഞങ്ങളുടെ രാജ്യത്തിനും മറ്റു ദക്ഷിണാഫ്രിക്കൻ സഹോദര രാജ്യങ്ങൾക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയ എല്ലാ രാജ്യങ്ങളോടും അവരുടെ തീരുമാനങ്ങൾ  അടിയന്തരമായി പിൻവലിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു''. ഒമിക്രോൺ കണ്ടെത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ പ്രസംഗത്തിൽ റമാഫോസ പറഞ്ഞു. യാത്രാനിരോധനത്തിലൂടെ ചെയ്യുന്ന ഒരേയൊരു കാര്യം, ദുരിതബാധിത രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർക്കുകയും പകർച്ചവ്യാധിയോട് പ്രതികരിക്കാനും അതിൽ നിന്ന് കരകയറാനുമുള്ള അവരുടെ കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്നുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങള്‍ രാജ്യത്തോട് കാണിക്കുന്ന അനീതിയാണെന്നും പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

നിലവില്‍ നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, ആസ്ട്രേലിയ,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. നെതർലാൻഡിൽ പതിമൂന്ന് പേരിൽ കൂടി വൈറസ് കണ്ടെത്തി. ഡെൽറ്റാ വകഭേദത്തെക്കാൾ തീവ്രമാണ് യൂറോപ്പിൽ  ഒമിക്രോൺ വ്യാപനം. ബ്രിട്ടൺ, യൂറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നിറിയിപ്പ് നൽകി. ജപ്പാനും ഇസ്രയേലും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു. വിമാനത്താവളങ്ങളിലടക്കം പരിശോധന കർശനമാക്കി. മാസ്ക് ഉപയോഗം ബ്രിട്ടൺ നിർബന്ധമാക്കി.

നിലവിൽ കോവിഡ് ലക്ഷണങ്ങൾക്ക് സമാനമാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെയും സ്ഥിതി. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്ന വാക്സിനുകൾക്ക് ഒമിക്രോണിനെയും പ്രതിരോധിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രതീക്ഷ. ഒമിക്രോൺ വ്യാപന തോതും തീവ്രതയും സംബന്ധിച്ച വിശദമായ പഠനത്തിലാണ് ലോക രാജ്യങ്ങൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News