ഫ്രാൻസിനു പിന്നാലെ യു.എസ് ചെങ്കടൽസേനയിൽനിന്നു പിന്മാറി സ്‌പെയിനും ഇറ്റലിയും
ഇസ്രായേൽ കപ്പലുകൾ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം പ്രതിരോധിക്കാനായാണ് ഓപറേഷൻ പ്രോസ്‌പെരിറ്റി ഗാർഡിയൻ എന്ന പേരിൽ യു.എസ് സേനാസഖ്യം രൂപീകരിച്ചത്
സൻആ: ഹൂതികൾക്കെതിരെ യു.എസ് രൂപീകരിച്ച ചെങ്കടൽ സംരക്ഷണസേനയിൽ വീണ്ടും വിള്ളൽ. ഫ്രാൻസിനു പിന്നാലെ സേനയിൽനിന്ന് കൂടുതൽ രാജ്യങ്ങൾ പിൻവാങ്ങുന്നതായി റിപ്പോർട്ട്. സ്‌പെയിനും ഇറ്റലിയും പിന്മാറ്റം പ്രഖ്യാപിച്ചതായി മാരിടൈം ജേണലിസ്റ്റ് ആയ ജോൺ കോൺറാഡ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണം ചെറുക്കാൻ എന്നു പറഞ്ഞാണ് ഡിസംബർ 18ന് യു.എസ് സഖ്യരാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്. ഓപറേഷൻ പ്രോസ്‌പെരിറ്റി ഗാർഡിയൻ എന്നാണു കൂട്ടായ്മയുടെ പേര്. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രഖ്യാപിച്ച സേനാസഖ്യത്തിൽ ബ്രിട്ടൻ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, ഡെന്മാർക്ക്, ഗ്രീസ്, നെതർലൻഡ്‌സ്, സ്‌പെയിൻ, നോർവേ, സേഷെൽസ് എന്നീ രാജ്യങ്ങളാണു തുടക്കത്തിലുണ്ടായിരുന്നത്. പേരുവെളിപ്പെടുത്താൻ താൽപര്യപ്പെടുത്താത്തതടക്കം 20ഓളം രാജ്യങ്ങൾ സഖ്യത്തിന്റെ ഭാഗമാണെന്ന് യു.എസ് അവകാശപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, ഫ്രാൻസ് അധികം വൈകാതെ സഖ്യത്തിൽനിന്നു പിന്മാറി. പിന്നാലെ സ്‌പെയിനും ഇറ്റലിയും സഖ്യം വിട്ടതായാണു പുറത്തുവരുന്ന വിവരം. യു.എൻ, നാറ്റോ, യൂറോപ്യൻ യൂനിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘങ്ങളുടെ നിർദേശ പ്രകാരം മാത്രമേ സൈനിക നടപടികളുടെ ഭാഗമാകൂവെന്നാണ് ഈ രാജ്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
യു.എസ് നയിക്കുന്ന ഇത്തരമൊരു സഖ്യത്തിന്റെ കൂടെക്കൂടാനില്ലെന്നാണ് ഇവരുടെ തീരുമാനം.
Summary: Spain, Italy and France decline US Command of Red Sea Operation Prosperity Guardian