ശ്രീലങ്കയിൽ വീണ്ടും കലാപം; പ്രസിഡന്റിന്റെ വീട് വളഞ്ഞു ജനം; ഗൊതബയ രാജ്യംവിട്ടു?
കർഫ്യൂ പിൻവലിച്ചതിനു പിന്നാലെയാണ് ആയിരങ്ങൾ ഇന്ന് കൊളംബോയിലേക്ക് ഇരച്ചെത്തിയത്
കൊളംബോ: ഒരു ഇടവേളയ്ക്കു ശേഷം ശ്രീലങ്കയിൽ വീണ്ടും തെരുവിലിറങ്ങി ജനം. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. പിന്നാലെ ഗൊതബയ വസതി വിട്ടിരിക്കുകയാണ്. അദ്ദേഹം രാജ്യം വിട്ടതായും റിപ്പോര്‍ട്ടുണ്ട്.
സഹോദരൻ മഹിന്ദ രജപക്‌സെയുടെ രാജിക്കു പിന്നാലെ അടങ്ങിയ ജനകീയ പ്രക്ഷോഭമാണ് മാസങ്ങൾക്കുശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കൊളംബോയിൽ കർഫ്യൂ പിൻവലിച്ചതിനു പിന്നാലെയാണ് ഇന്ന് ആയിരങ്ങൾ പ്രകടനമായി പ്രസിഡന്റിന്റെ വസതിയിലെത്തിയത്. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയണമെന്ന് ഇന്നലെ പൊലീസ് ഉത്തരവിട്ടിരുന്നു. നഗരത്തിൽ കർഫ്യു പ്രഖ്യാപക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനു പിന്നാലെ കർഫ്യൂ പിൻവലിക്കുകയായിരുന്നു.
മഹിന്ദ രജപക്‌സെയുടെ രാജിക്കുശേഷം കഴിഞ്ഞ മേയ് 12ന് റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു വിക്രമസിംഗെ അധികാരമേറ്റത്. എന്നാൽ, ഭരണത്തിലേറി രണ്ടു മാസം പിന്നിടുമ്പോഴും ശ്രീലങ്കിയിൽ ജനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി മുടക്കവും പതിവായിരിക്കുകയാണ്. ഒടുവിൽ, പൊറുതിമുട്ടിയാണ് ജനം പ്രസിഡൻരിന്റെ രാജിക്ക് മുറവിളിയുയർത്തി തെരുവിലിറങ്ങിയിരിക്കുന്നത്.
ഗോതബയയെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായാണ് വിവരം. പ്രസിഡന്റിന്റെ വസതി കൈയേറിയ പ്രക്ഷോഭകാരികളെ ഒഴിപ്പിക്കാനായി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും ജനങ്ങൾ ഒഴിഞ്ഞിട്ടില്ല. കൊളംബോയിലെ പ്രധാന നിരത്തുകളും കേന്ദ്രങ്ങളുമെല്ലാം ജനങ്ങൾ കൈയടക്കിയിരിക്കുകയാണ്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് ഗൊതബയ രജപക്‌സെ തീരുമാനിച്ചത്. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തുകളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും ഗൊതബയ വ്യക്തമാക്കിയിരുന്നു.
Summary: Sri Lanka President Gotabaya Rajapaksa flees as protesters storm residence