ശ്രീലങ്കയിലെ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യത്തിന് നിര്‍ദേശം
ജനരോഷം താങ്ങാനാകാതെ രാജ്യം വിട്ട് മാലദ്വീപിനെ ആശ്രയിച്ച പ്രസിഡന്‍റ് ഗോതബായ രജപക്സെ സിംഗപ്പൂരിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും അതിരൂക്ഷമാകുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഏത് മാർഗവും സ്വീകരിക്കാമെന്ന ആക്ടിങ് പ്രസിഡന്‍റ് സൈന്യത്തിന് നിർദേശം നൽകി. ജനരോഷം താങ്ങാനാകാതെ രാജ്യം വിട്ട് മാലദ്വീപിനെ ആശ്രയിച്ച പ്രസിഡന്‍റ് ഗോതബായ രജപക്സെ സിംഗപ്പൂരിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
രാജി വെയ്ക്കാതെ പ്രസിഡന്‍റ് ഗോതബായ രജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും കനത്തു. മാലദ്വീപിലേക്കുള്ള പ്രസിഡന്‍റിന്‍റെ ഒളിച്ചോട്ടത്തിന് പിന്നാലെ പ്രതിഷേധക്കാർ സമരത്തിന്‍റെ വീര്യം കൂട്ടി. ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് ആക്രമിക്കുകയും വസതി കയ്യടക്കുകയും ചെയ്തു. ലങ്കൻ പാർലമെന്‍റിന്‍റെ ഗേറ്റിന് മുന്നിലും പ്രതിഷേധക്കാരെത്തി. കൊളംബോയിൽ പ്രതിഷേധക്കാരും സൈന്യവും ഏറ്റമുട്ടി. ഏത് വിധേനയും പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള നീക്കത്തിലാണ് ശ്രീലങ്കൻ ഭരണകൂടം.
ജനരോഷം നിയന്ത്രിക്കാനാകാതെ രാജ്യത്ത് പുലർച്ചെ വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രതിസന്ധി അത്യന്തം മോശമായ സാഹചര്യത്തിൽ ലങ്കൻ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നിർദേശത്തിന് പിന്നാലെ സ്പീക്കർ സർവകക്ഷി യോഗം വിളിച്ചു. ഭരണ-പ്രതിപക്ഷാംഗങ്ങൾക്ക് സ്വാഗതാർഹമായ ഒരാളെ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാൻ റെനിൽ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യപ്പാ അബെയ്വർധനയോട് നിർദേശിച്ചു.
ഭരണ-പ്രതിപക്ഷ കക്ഷികളിൽ ഉൾപ്പെട്ടവർ പുതിയ സർക്കാരിന്റെ ഭാഗമാകണമെന്നാണ് സർവകക്ഷികളുടെയും ആവശ്യം. പ്രസിഡന്‍റിന് മുന്നേ പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ശബ്ദമുയർത്തി. ഗോതബായ രജപക്സയ്ക്കും ഭാര്യക്കും ഒപ്പം ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായി ബേസിൽ രജപക്സെയും രാജ്യം വിട്ടതായാണ് സൂചന. മാലദ്വീപിൽ നിന്നും സിംഗപ്പൂരെത്തിയതിന് ശേഷം പ്രസിഡന്റ് തന്റെ രാജിക്കത്ത് സ്പീക്കർക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ മാലദ്വീപിലേക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്ന റിപ്പോർട്ടുകൾ ഇന്ത്യ നിഷേധിച്ചു. ഒപ്പം ശ്രീലങ്കൻ ജനതയ്‌ക്കുള്ള ഇന്ത്യൻ പിന്തുണ ആവർത്തിക്കുകയും ചെയ്തു.