സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റി​ക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെന്ന് റഷ്യ

റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന 69 പേരെ വിട്ടയക്കും

Update: 2024-08-11 04:37 GMT
Advertising

ന്യൂഡൽഹി: സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റി​ക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെന്ന് റഷ്യൻ എംബസി. ഏപ്രിലോടെയാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചത്. യു​ക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു.

ഇതിൽ ഇന്ത്യ പ്രതിഷേധിക്കുകയും ഇന്ത്യൻ പൗരന്മാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്  ഏപ്രിൽ മുതൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് നിർത്തിവെച്ച വിവരം റഷ്യൻ എംബസി ഇന്ത്യൻ എംബസിയെ അറിയിച്ചത്. 

റഷ്യയുടെ സൈന്യത്തിന്റെ ഭാഗമാകാൻ സ്വമേധയാ കരാർ ഒപ്പിട്ടവരിൽ നാട്ടിലേക്ക് മടങ്ങാൻ ​ആഗ്രഹിക്കുന്നവരെ ഉടൻ ഇന്ത്യക്ക് കൈമാറും. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 91 ഇന്ത്യൻ പൗരന്മാരിൽ എട്ട് പേർ മരിച്ചു. 14 പേരെ പലകാരണങ്ങളാൽ തിരിച്ചയച്ചു. 69 പേരാണ് നിലവിൽ റഷ്യയിലുള്ളത്.  അവരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് .ജയശങ്കർ വെള്ളിയാഴ്ച ലോക്സഭയിൽ പറഞ്ഞിരുന്നു.

ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രിയോട് വ്യക്തിപരമായി തന്നെ വിഷയം ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കഴിഞ്ഞ മാസം ഇത് ചർച്ച ചെയ്തിരുന്നു. ജോലിയുടെ സ്വഭാവം തെറ്റിദ്ധരിപ്പിച്ചാകും പലരുമായി കരാറിലേർപ്പെട്ടതെന്നും ജയശങ്കർ സംശയം പ്രകടിപ്പിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News