ചൈനയിലിരുന്ന് മൊറോക്കോയിൽ ശസ്ത്രക്രിയ; റെക്കോഡിട്ട് റോബോട്ടും ഡോക്ടറും

ശസ്ത്രക്രിയ നടത്തിയത് 12,000 കിലോമീറ്റർ ദൂരെയിരുന്ന്

Update: 2024-11-26 12:15 GMT
Editor : ശരത് പി | By : Web Desk
Advertising

ബെയ്ജിങ്: ചികിത്സാമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഭാവി ആരോഗ്യമേഖലയ്ക്ക് കുറച്ചൊന്നുമല്ല പ്രതീക്ഷ നൽകുന്നത്. 12,000 കിലോമീറ്ററുകൾക്കപ്പുറത്തിരുന്ന് റോബോട്ടിന്റെ സഹായത്തോടെ ഒരു ഡോക്ടർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്റെ വാർത്തകളാണ് നിലവിൽ പുറത്തുവരുന്നത്. ചൈനയിൽ നിന്ന് ഫ്രഞ്ച് ഡോക്ടർ മൊറോക്കോയിലുള്ള രോഗിക്കായാണ് പ്രോസ്‌റ്റേറ്റ് ശസ്ത്രക്രിയ നടത്തിയത്. ഇതോടെ ലോകത്തിലെ ഏറ്റവും വിദൂരമായ ശസ്ത്രക്രിയയ്ക്കുള്ള റെക്കോഡും ഈ ശസ്ത്രക്രിയ സ്വന്തമാക്കി. നവംബർ 16നാണ് സംഭവം. ചൈനയുടെ നവീന റോബോട്ടായ തൗമൈ ഉപയോഗിച്ചാണ് ഡോ. യൂനസ് അഹ്‌ലാൽ മൊറോക്കൻ പൗരന്റെ പ്രോസ്‌റ്റേറ്റ് മുഴ നീക്കം ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിദൂര ചികിത്സാ രീതികൾക്ക് ഇതോടെ പുതിയ മാനമാണ് തുറന്നിരിക്കുന്നത്.

5ജി ഉപയോഗിക്കാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. ആശയവിനിമയ കാലതാമസം നൂറ് മിലി സെക്കന്റിൽ കൂടുതലായിരുന്നു. മുഴ എടുത്തുകളഞ്ഞതിന് പിന്നാലെ മുറിവ് തുന്നിക്കെട്ടാനും റോബോട്ടിനെ ഉപയോഗിച്ചു. വ്യക്തത, വഴക്കം, സ്ഥിരത എന്നിവയ്ക്ക് പേരുകേട്ടതാണ് തൗമൈ റോബോട്ട്. മുൻപ് ചൈനയിൽ നിന്നും പശ്ചിമാഫ്രിക്കയിലെ ബെനിനിൽ തൗമൈ ഒരു വൃക്ക ശസ്ത്രക്രിയയ്ക്ക് പിന്തുണച്ചിരുന്നു. 12,700 കിലോമീറ്റർ ദൂരെ നിന്നായിരുന്നു ഇത്. എന്നാൽ പരിപൂർണ ശസ്ത്രക്രിയ ഇതാദ്യമായാണ്. 

ശസ്ത്രക്രിയ റോബോട്ടുകളുടെ പ്രവർത്തനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തിലാണ് നിലവിൽ ചൈന. രാജ്യത്ത് വ്യാപിച്ചുവരുന്ന 5ജി സേവനങ്ങളും ഇതിന് മുതൽക്കൂട്ടാവുന്നുണ്ട്. മേഖലയിൽ 2026ൽ 38.4 ബില്യൺ ഡോളർ വളർച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് മാസാവസാനത്തോടെ രാജ്യത്ത് നാല് ദശലക്ഷം 5ജി സ്‌റ്റേഷനുകളാണ് സ്ഥാപിക്കപ്പെട്ടിരുന്നത്. ഇത് വിദൂര ശസ്ത്രക്രിയകൾക്ക് കൂടൂതൽ സാധ്യത തുറന്നുകൊടുത്തിരിക്കുകയാണ്.

നിലവിൽ ഇയു സിഇ സർട്ടിഫിക്കറ്റ് ലഭിച്ച തൗമൈ യൂറോളജി, തൊറാസിക് സർജറി, ഗൈനോക്കോളജിക്കൽ എൻഡോസ്‌കോപ്പി എന്നിവയുൾപ്പടെ നിരവധി ചികിത്സാനടപടികൾക്ക് അംഗീകാരം ലഭിച്ച റോബോട്ടാണ്.

ആകെ നാല് ലക്ഷം കിലോമീറ്ററുകൾ ദുരം ഉൾക്കൊള്ളുന്ന 250ലധികം അൾട്രാ ലോങ് ഡിസ്റ്റൻസ് ശസ്ത്രക്രിയകൾ ചെയ്യാവുന്നതിന് തൗമൈ സജ്ജമാണ്. വിദേശയാത്രകൾ ഒഴിവാക്കി മികച്ച ഡോക്ടർമാരുമായി രോഗികളെ ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യയ്ക്ക് കൂടുതൽ കരുത്ത് പകരുകയാണ് തൗമൈ.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News