ഇന്ത്യയില്‍ 10 ബില്യന്‍ ഡോളറിന്‍റെ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ ഒരുങ്ങി ഗൂഗിള്‍.
വാഷിങ്ടണ്‍: ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇത് ടെക്നോളജി രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയെ സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് പിച്ചൈ പ്രഖ്യാപനം നടത്തിയത്. യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സാധിച്ചത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്നും പിച്ചൈ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശന വേളയിൽ കാണാൻ സാധിച്ചത് അഭിമാനകരമായ നിമിഷമാണ്. ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കും’ സുന്ദർ പിച്ചൈ മാധ്യമങ്ങളോട് പ്രതികരിച്ചു.
'നരേന്ദ്രമോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാട് പ്രശംസനീയമാണ്. മറ്റ് രാജ്യങ്ങള്‍ കൂടി മാതൃകയാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഇന്ത്യ കാഴ്ചവെയ്ക്കുന്നത്' സുന്ദര്‍ പിച്ചൈ കൂട്ടിച്ചേർത്തു.
"സംസാരത്തിലും വാചകത്തിലുമായി നൂറിലധികം ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരൊറ്റ ഏകീകൃത AI മോഡൽ നിർമ്മിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളും ഇതിൽ ഉൾപ്പെടും. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന 1,000 ഭാഷകൾ ഓൺലൈനിൽ കൊണ്ടുവരുന്നതിനും അറിവ് നേടാൻ ആളുകളെ സഹായിക്കുന്നതിനുമുള്ള ഞങ്ങളുടെ ആഗോള ശ്രമത്തിന്റെ ഭാഗമാണിത്" അദ്ദേഹം പറഞ്ഞു.
ജൂണ്‍ 21ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദര്‍ശനം ഇന്ന് അവസാനിക്കും. വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായും മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രമുഖ അമേരിക്കൻ കമ്പനി മേധാവികളെയും മോദി കണ്ടു. യു.എസിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഈജിപ്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കെയ്റോയിലേക്ക് തിരിക്കും.